രണ്ടായിരം വയസ്സായ കന്നിത്തമിഴാണ് നീ


പതിനഞ്ച് വര്‍ഷം മുമ്പ് ഇതുപോലൊരു ദിവസം (സെപ്റ്റംബര്‍ 23) ചങ്ങനാശ്ശേരി എസ്.ബി കോളജിന്റെ മുന്നില്‍ കൊളുത്തിവെച്ചചെറിയൊരു നിലവിളക്കിന് പിന്നിലാണ് ആ വാര്‍ത്ത വായിച്ചത്. സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തു. ഒരു ക്വിസ് മല്‍സരത്തിനായിആ കോളജിന് മുന്നില്‍ ബസ്സിറങ്ങിയതായിരുന്നു.

എത്രയോ ദിവസങ്ങള്‍ കോളജ് വരാന്തകള്‍ പിന്നെ മൂകമായിരുന്നു.
മരച്ചുവടുകള്‍ ആ മരണത്തെക്കുറിച്ച് പറഞ്ഞ് കരഞ്ഞു.
യൗവനങ്ങളുടെ ഉറക്കമകന്ന രാവുകളില്‍ എത്രയെത്രവണ അവര്‍കൂട്ടുണ്ടായിരുന്നു?
ആ കണ്ണുകളില്‍ മുങ്ങിച്ചാവാന്‍ കൊതിക്കാത്തവര്‍ അന്ന്ആരുണ്ടായിരുന്നു?


അവര്‍ കടിച്ചെറിഞ്ഞ ആപ്പിള്‍ ലക്ഷങ്ങള്‍ക്ക് ലേലത്തില്‍ പോയത്‌ വിലയുള്ള വാര്‍ത്തയായിരുന്നു.
പിന്നെയും മരച്ചുവടുകള്‍, വരാന്തകള്‍ ശോകമൂകമായി കിടന്നു...
ഇന്നും ഏതോ നിനൈപ്പുകളില്‍ ഇനിപ്പായി അവര്‍ വരുന്നുണ്ട്.
രാജമുണ്‍ട്രിയുടെ പുഴയോരത്ത് പൂത്തോണിയടുക്കുമ്പോള്‍അവരുണ്ട്...
ഒരു നനഞ്ഞ കണ്ണനക്കമായി അവരിപ്പോള്‍ ദൈവത്തിന് മുന്നില്‍ നില്‍ക്കുന്നുണ്ടാവും...
വിജയിയായി വരാന്‍ തലയില്‍ വരച്ചു വിട്ടിട്ടും തേറ്റോടി തിരിച്ചെത്തിയതിന് ദൈവം അവരെശാസിക്കുന്നുണ്ടാവണം.
അലക്കി വെളുപ്പിച്ച കുപ്പായത്തില്‍ ചളിയാക്കി തിരിച്ചുവന്നതിന് അമ്മ ശാസിക്കുമ്പോള്‍ തലകുനിച്ച് നില്‍ക്കുന്നകുഞ്ഞിനെപ്പോലെ അവര്‍ കീഴോട്ട് നോക്കി നില്‍ക്കുന്നുണ്ടാവും.
ആ കണ്ണുകള്‍ ഇപ്പോഴും തോരാത്ത കദനത്തിന്റെ നനവില്‍ പുരണ്ടു കിടക്കുന്നുണ്ടാവും....

വി.ജി. തമ്പിയുടെ ആ കവിതപോലെ
രണ്ടായിരം വയസ്സായ കന്നിത്തമിഴാണ് നീ

No comments: