എന്റെ ആ അമ്മ മരിച്ചിട്ട് നാല് വര്‍ഷമാകുന്നു....

എന്നെക്കുറിച്ച് ഞാന്‍ കെട്ടിയുണ്ടാക്കിയ കഥയിലെ എന്റെ അമ്മയായിരുന്നു അവര്‍.
ഞാന്‍ തന്നെയായിരുന്നു നായകന്‍.
അച്ഛനും അമ്മയുമില്ലാതെ ശൂന്യതയില്‍നിന്ന് പിറന്നവനാകരുത് നായകനെന്ന് നിര്‍ബന്ധമുണ്ടായിരുന്നു...
അമ്മയെ തിരഞ്ഞപ്പോഴെല്ലാം മനസ്സില്‍ തെളിഞ്ഞത് ആ മുഖമായിരുന്നു. വലിയ കണ്ണുകളില്‍ ഒരു കടലല ഒതുക്കി നിര്‍ത്തിയ ആ കണ്ണുകള്‍....
അങ്ങനെ ഞാന്‍ കെട്ടിയുണ്ടാക്കിയ കഥയില്‍ ശ്രീവിദ്യ എന്റെ അമ്മയായി....
ആ കണ്ണുകള്‍ എന്നെ നോക്കി വാല്‍സല്ല്യം ചൊരിഞ്ഞു...
എന്നെ നോക്കി ശകാരിച്ചു.... എന്നോട് പരിഭവിച്ചു...
ഞാനുമായി പിണങ്ങി....
നെഞ്ചുവിങ്ങിയ നേരങ്ങളില്‍ നെറുകയില്‍ തലോടി ആശ്വസിപ്പിച്ചു...

എപ്പോഴായിരുന്നു ശ്രീവിദ്യയില്‍ അമ്മയെ ഞാന്‍ കണ്ടെത്തിയത്?ഉച്ചനേരങ്ങള്‍ കട്ടെടുത്ത് നാലഞ്ച് കിലോ മീറ്റര്‍ അപ്പുറത്തെ ഓല പാകിയ സിനിമ കൊട്ടകയിലെ ബെഞ്ചുകളെ ക്ലാസിലെ മരബെഞ്ചിനെക്കാള്‍ പ്രണയിച്ചുനടന്ന കാലത്തായിരുന്നു അത്. പ്രേംനസീറിന്റെയും മധുവിന്റെയും ഭാര്യയായി സോമന്റെയും സുകുമാരന്റെയും അമ്മയായി വലിച്ചുകെട്ടിയിട്ടും കടല്‍കാറ്റിലുലയുന്ന വെള്ളിത്തിരയിലേക്കവര്‍ ഇറങ്ങിവരുന്നത് കാണാന്‍ എത്രയെത്ര തവണ പോയിരുന്നിട്ടുണ്ട്.
ഓരോ തവണയും തുടയില്‍ മാഷന്മാരും വീട്ടുകാരും തല്ലി തളര്‍ന്നിട്ടും ചോര കിനിഞ്ഞിട്ടും വിട്ടുപോയില്ല ആ ആവേശം. ചെറുപ്പത്തില്‍ വേര്‍പിരിഞ്ഞുപോയ കുട്ടി നാളുകള്‍ക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തുന്ന ആനന്ദമായിരുന്നു ഓരോ തവണയും അവരെ കാണുമ്പോള്‍....
കൊല്ലത്തെ നാന സിനിമാ വാരികയുടെ ഓഫീസില്‍ നിന്ന് അവരുടെ മേല്‍വിലാസം ഫോണ്‍ വിളിച്ച് സംഘടിപ്പിച്ചപ്പോഴേക്കും അവര്‍ വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ അമ്മ വേഷവും കെട്ടിക്കഴിഞ്ഞിരുന്നു... കൂട്ടത്തില്‍ അവര്‍ മമ്മൂട്ടിയുടെ അമ്മ മാത്രമല്ല; പെങ്ങളും ഭാര്യയും കാമുകിയും അമ്മായിയമ്മയുമൊക്കെയായി വേഷമിട്ടു....
ലേഡി മാധവന്‍ സ്ട്രീറ്റില്‍ താമസിച്ചിരുന്ന അവര്‍ക്കെഴുതിയ കത്തിലെ ആദ്യത്തെ വാചകം ഇപ്പോഴും ഓര്‍മയുണ്ട് 'സ്നേഹപൂര്‍വം വിദ്യാമ്മയ്ക്ക്....'
അമ്മേ എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചായിരുന്നു ആദ്യത്തെ കത്ത്...
അതിനവര്‍ മറുപടി തന്നില്ല....
അങ്ങനെ വിളിച്ചോളാന്‍ അനുമതി തന്നതായി കരുതി തുരുതുരാ അവര്‍ക്ക് കത്തുകള്‍ എഴുതി...
എല്ലാ കത്തിലും 'പ്രിയപ്പെട്ട അമ്മേ...' എന്നുതന്നെ വിളിച്ചു..
ഒരു കത്തിനും അവര്‍ മറുപടി തന്നില്ല...
ഒരു കത്തും മടങ്ങിവന്നില്ല.
മേല്‍വിലാസമെഴുതാന്‍ മറന്ന് അമ്മാവനയച്ച കത്ത് മദ്രാസിലെ ഡെഡ് ലെറ്റര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ഉപദേശിയായി എന്നെ തിരക്കി വന്നിട്ടും അമ്മയ്ക്കെഴുതിയ കത്തുകള്‍ അങ്ങനെപോലും അവകാശികളില്ലാതെ തിരിച്ചെത്തിയില്ല..
എന്റെ കത്തുകളില്‍ ഒന്നുപോലും അമ്മ വായിച്ചുനോക്കിയിട്ടുണ്ടാവില്ല...
അല്ലെങ്കില്‍ വായിച്ച് മറുപടി എഴുതേണ്ടെന്ന് തോന്നി ചവറുകള്‍ക്കിടയില്‍ വലിച്ചെറിഞ്ഞിരിക്കാം...
ഒരു ചെറിയ കുട്ടിയുടെ കുസൃതിയെന്നോ നേരമ്പോക്കെന്നോ കരുതി ചിരിച്ചുതള്ളിയിരിക്കാം..
ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു...
സ്കൂളിലെ ക്ലാസുകളിലെ ഓരോ കയറ്റങ്ങളും, പത്താം ക്ലാസിലെത്തിയതും, ആദ്യമായി കൂട്ടുകാരിയോട് പ്രണയം മൊട്ടിട്ടതും, കൊല്ല പരീക്ഷയില്‍ നൂലിഴ വ്യത്യാസത്തില്‍ ഫസ്റ്റ് ക്ലാസ് കിട്ടാതെ പോയതും, കോളജില്‍ ചേര്‍ന്നതും രാഷ്ട്രീയപ്പോരില്‍ തല്ലു കിട്ടിയതും ബസിന് കല്ലെറിഞ്ഞതും പ്രീഡിഗ്രി തോറ്റുപോയതും എഴുതി അറിയിച്ചു...
അമ്മ ഒന്നും പറഞ്ഞില്ല..
ഡിഗ്രി മികച്ച മാര്‍ക്കുമായി പ്രായശ്ചിത്തത്തോടെ വിജയിച്ചതും പത്രപ്രവര്‍ത്തക കോഴ്സിന് ചേര്‍ന്നതുമെല്ലാം എഴുതിക്കൊണ്ടേയിരുന്നു...
അമ്മ മറുപടിയായി ഒരു വരിപോലും കുറിച്ചില്ല...
അതിനിടയില്‍ എപ്പോഴോ കത്തെഴുതുന്ന ശീലങ്ങളില്‍നിന്ന് ഞാന്‍ തെറിച്ചുപോയിരുന്നു...
ഒരു വാക്കുപോലും ആര്‍ക്കും എഴുതാതെയായി.
പോസ്റ്റ്മാന്‍ അന്യഗ്രഹജീവിയായി.
പിന്നെ അവരെ കണ്ടത് അല്‍ഫോണ്‍സച്ഛന്റെ തോളില്‍ തല ചായ്ച്ച് ജീവിതത്തിന്റെ കയ്പ്പും നിരാശയുമെല്ലാം ഇറക്കിവെക്കാന്‍ വെമ്പുന്ന മാഗി മദാമ്മയായിട്ടായിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്റെ, രഘുവരന്റെ ഏറ്റവും മികച്ച കഥാപാത്രത്തിന് കൂട്ടുകാരിയായി.

2005ലെ മാധ്യമം പത്രത്തിന്റെ ഓണപ്പതിപ്പിലേക്ക് ഒരോണക്കാല ഓര്‍മ വേണമെന്നും അതൊരു പഴയകാല സെലിബ്രിറ്റിയുടെതാകണമെന്നും പത്രാധിപര്‍ പറഞ്ഞപ്പോള്‍ അമ്മമുഖം വീണ്ടും തെളിഞ്ഞു...
ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ റിംഗ് മുഴങ്ങുമ്പോള്‍ നെഞ്ചിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.
''ഹലോ'' എന്ന ശബ്ദത്തിന് മറുപടിയായി 'അമ്മേ' എന്ന് വിളിക്കണമെന്നുണ്ടായിരുന്നു.
എന്തുകൊണ്ടോ അത് മാത്രം പുറത്തുവന്നില്ല... പകരം 'മാഡം' എന്നു വിളിച്ചു കാര്യം പറഞ്ഞു.
മലയാളികള്‍ക്ക് നടുവില്‍ മറ്റൊരു മലയാളിയായി ജീവിച്ച ശ്രീവിദ്യയുടെ മറുപടിയായിരുന്നു വിചിത്രം.
ഓണം എന്ന മലയാളികളുടെ മഹോല്‍സവം അവര്‍ക്കൊരു കേട്ടറിവു മാത്രമായിരുന്നു. സുഹൃത്തുക്കളായി കുറച്ചുപേര്‍ മാത്രം. അവരില്‍ അധികവും മലയാളികളായിരുന്നിട്ടും ഇന്നുവരെ അമ്പതു വര്‍ഷത്തിനിടയില്‍ ഒരാളും ഒരോണത്തിനും അവരെ ക്ഷണിച്ചിരുന്നില്ല. ഒരാശംസ പോലും കൈമാറിയിരുന്നില്ല. അക്കുറിയും ഓണമാകുമ്പോള്‍ പതിവുപോലെ തിരുവനന്തപുരത്ത്നിന്ന് ചെന്നൈയിലേക്ക് ചേക്കേറുമെന്നും അവര്‍ പറഞ്ഞു.
ഈ ഓണത്തിന് ഞങ്ങള്‍ ക്ഷണിച്ചാല്‍ വരുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ എന്റെ ആരാ? നിങ്ങളെ എനിക്കൊരു മുന്‍പരിചയവുമില്ലല്ലോ എന്ന മറുചോദ്യമെയ്തു വീഴ്ത്തിക്കളഞ്ഞു അവര്‍.
പറയാതിരിക്കാനായില്ല ഞാന്‍ മെനഞ്ഞ കഥയില്‍ നിങ്ങള്‍ എന്റെ അമ്മയായിരുന്നുവെന്ന്...
അവര്‍ ചിരിച്ചു....
''കുട്ടീ, ആ കത്തുകള്‍ ഇനിയും എഴുതാവുന്നതേയുള്ളു''
അപ്പോള്‍ ഞാന്‍ കുട്ടിയായി. ഓര്‍മയില്‍ അമ്മിഞ്ഞപ്പാലിന്റെ മണം കിനിഞ്ഞു. ഉള്ളുലഞ്ഞുവിളിച്ചുപോയി''അമ്മേ....'' വര്‍ഷങ്ങള്‍ നീണ്ട തപസ്സിനൊടുവില്‍ അവര്‍ സമ്മതം തന്നപോലെ,
അമ്മേ എന്ന് വിളിക്കാന്‍...
പിന്നെയും പലവട്ടം ഒരു ഫോണിന്റെ അക്കരെയിക്കരെയിരുന്നു ''അമ്മേ...'' എന്ന് നീട്ടി വിളിച്ചു..
തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിന് വരുമ്പോള്‍ ഡിസംബറില്‍ പി.ടി.പി നഗറിലെ വീട്ടില്‍ നേരിട്ടുവന്നു കാണാം എന്ന് വാക്കോതി. പക്ഷേ, കഴിഞ്ഞില്ല.

ഒരു ദിവസം വൈകിയ നേരം തിരക്കിട്ട് ന്യൂസ്റൂമിലേക്ക് കയറിവരുമ്പോള്‍ ടി.വിയില്‍ ഫ്ലാഷ്.
എന്റെ അമ്മ മരിച്ചുപോയി....
ജീവിച്ചിരുന്നപ്പോള്‍ നേരില്‍ കാണാനാവാതെ പോയ അമ്മയുടെ മരണചിത്രത്തിന് മുന്നില്‍ തല കുമ്പിട്ട് നില്‍ക്കാന്‍ മനസ്സു വന്നില്ല.
പോയില്ല...
ഇന്ന് എന്റെ അമ്മ മരിച്ചിട്ട് നാല് വര്‍ഷമാകുന്നു...
എന്നെ പ്രസവിക്കാത്ത എന്റെ അമ്മ.
അവര്‍ക്ക് പ്രസവിക്കാന്‍ ഗര്‍ഭപാത്രം പോലും നിഷേധിച്ചവരാണല്ലോ ഈ ലോകം....

മുറിവാല്‍:
എന്റെ മൊബൈലില്‍ ഇപ്പോഴൂം ആ ബി.എസ്.എന്‍.എല്‍ നമ്പര്‍ സേവ് ചെയ്തിട്ടിട്ടുണ്ട്.
അമ്മ എന്ന പേരില്‍.
മരണശേഷം ആ നമ്പര്‍ നിലവിലില്ല എന്നായിരുന്നു വിളിച്ചപ്പോഴൊക്കെ മറുപടി.
ഈ നാലാം മരണവാര്‍ഷികത്തില്‍ വീണ്ടും ആ നമ്പറിലേക്ക് മറുപടിയുണ്ടാവില്ലെന്നുറപ്പിച്ച് ഒന്നുകൂടി റിംഗ് ചെയ്തു.
ദൈവമേ! റിംഗ് ചെയ്യുന്നു.
മരിച്ചവര്‍ വിളികേള്‍ക്കുമോ?
അപ്പുറത്തൊരു പുരുഷ ശബ്ദം.
ആ നമ്പറില്‍ ഇപ്പോള്‍ കണ്ണൂര്‍ കലക്ടറുടെ ഗണ്‍മാന്‍ സംസാരിക്കുന്നു

6 comments:

shajkaliyath said...

touching da....gr8 writing of personal memoir genre

Unknown said...

വെറും ശരീരം മാത്രമായി എല്ലാവരും കാണുന്ന സിനിമ പ്രവര്‍ത്തകരെ കുറിച്ച് ഇങ്ങനെയും ചിന്തിപ്പിച്ചതില്‍ സന്തോഷം.

neelambari said...

സെയ്ഫുക്കാ ഹൃദയത്തില്‍ തൊടുന്ന എഴുത്ത്. രണ്ടാം തവണയാ വായിക്കുന്നെ ആ അമ്മമനസ്സിനെ...

Anonymous said...

മനസ്സ് നിറഞ്ഞു...കവിഞ്ഞു ...

k.a.saifudeen said...

നന്ദിയാരോട്​ ഞാൻ ചൊല്ലേണ്ടു...

Unknown said...

അത്രയേറെ ആഗ്രഹിച്ചിട്ടും ആ അമ്മയെ കാണാൻ സെയ്ഫുവിനെ വിധി അനുവദിച്ചില്ലല്ലോ എന്ന ദു:ഖം ബാക്കിയാവുന്നു.