മിഠായിത്തെരുവിലെ ഇറാനിയന്‍ യാത്രകള്‍...




ദിവസം വൈകുന്നേരം ചായകുടിയും കഴിഞ്ഞ് കോഴിക്കോട് മിഠായിത്തെരുവിലൂടെ അവര്‍ നടക്കാനിറങ്ങുന്നു. അവര്‍ കുറേപ്പേര്‍... ഇന്നാട്ടില്‍ ചിരപരിചിതമല്ലാത്ത മുഖങ്ങള്‍. പക്ഷേ, പേരുകള്‍ പലര്‍ക്കുമറിയാം.ഒത്തിരിപ്പേര്‍ക്കറിയാം.....മജീദ് മജീദി, അബ്ബാസ് കിയരസ്തമി, ജാഫര്‍ പനാഹി, മൊഹ്സിന്‍ മഖ്മല്‍ ബഫ് തുടങ്ങിയവര്‍... അവര്‍ക്കൊപ്പം പിന്നെയും കുറേപേര്‍.ചര്‍ച്ചകള്‍ എല്ലാം ഒന്നിനെക്കുറിച്ചുമാത്രം...ലോകസിനിമയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റിമറിച്ചിലുകള്‍....ഇറാനില്‍പോലും ഒന്നിച്ചുകൂടാന്‍ സാധ്യതയില്ലാത്ത ഒരുകൂട്ടം സംവിധായകര്‍ എങ്ങനെ കോഴിക്കോടിന്റെ തെരുവില്‍ സംഗമിക്കുന്നുവെന്ന് അതിശയിക്കേണ്ട. അവര്‍ മിഠായിത്തെരുവില്‍ മാത്രമല്ല. തിരുവനന്തപുരത്തെ ശംഖുംമുഖം കടപ്പുറത്തും ചാലക്കമ്പോളത്തിലും പാളയം മാര്‍ക്കറ്റിലും എറണാകുളം മറൈന്‍ ഡ്രൈവിലും തൃശãൂര്‍ തേക്കിന്‍കാട് മൈതാനത്തുമെല്ലാം ഒത്തുകൂടും... മണിക്കൂറുകളോളം സിനിമാ ലോകത്തിന്റെ തിരിവുകളെയും വളവുകളെയും രാഷ്ട്രീയ കയറ്റിറക്കങ്ങളെയുംകുറിച്ച് സംസാരിച്ചിരിക്കും. നേരം പോയ്മറയുന്നതറിയാതെ. ഈയിടെയായി അവര്‍ക്കൊപ്പം ബഹ്മാന്‍ ഗൊബാദി, ഹുസൈന്‍ കരാബെ തുടങ്ങിയവരെയും കണ്ടുതുടങ്ങിയിട്ടുണ്ട്. ലോക സിനിമയുടെ ഭൂപടങ്ങളില്‍ നാഴികമണി മുഴക്കുന്ന ഈ സംവിധായകര്‍ സബ്ടൈറ്റിലില്ലാതെ നേരിട്ടുവന്നു മലയാളത്തില്‍ സംസാരിക്കുകയല്ല. അവരുടെ നാവുകളായി നടന്നുപോകുന്ന മലയാളികളായ ചെറുപ്പക്കാരിലൂടെ വെളിപ്പെടുകയും മലയാളികളായിത്തീരുകയുമാണ്.വ്യത്യസ്ത സംസ്കാരങ്ങളിലും സമൂഹങ്ങളിലും സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ജീവിതങ്ങളെ തിരശãീലയില്‍ പകര്‍ത്തിവെക്കുന്ന ഇവര്‍ക്കായി സംസാരിക്കാന്‍ ഒരുപാട് ചെറുകൂട്ടങ്ങള്‍ മലയാളക്കരയില്‍ കടന്നുവരുന്നുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്ഗോപിയുടെയും ദിലീപിന്റെയും ഷാജി കൈലാസിന്റെയുമൊക്കെ ഫാന്‍സുകളായിരുന്നവര്‍ അതില്‍നിന്നൊക്കെ രാജിവെച്ച് മജീദ് മജീദിയുടെയും അബ്ദുല്ല ഓഗസിന്റെയുമൊക്കെ ആരാധകരായി മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മലയാളത്തില്‍ കണ്ടുവരുന്നത്.2008ല്‍ 'സോംഗ് ഓഫ് സ്പാരോസ്' (കുരുവിയുടെ പാട്ട്) എന്ന സിനിമയിലൂടെ ആരാധകരെ ഒന്നുകൂടി ഉറപ്പിച്ച മജീദ് മജീദിയെന്ന ഇറാനിയന്‍ സംവിധായകന്‍ ഇപ്പോള്‍ എന്തുചെയ്യുകയാണ് എന്ന് ചോദിച്ചു നോക്കൂ. 'കശ്മീര്‍ അഫ്ലോട്ട്' എന്ന പുതിയ സിനിമയുടെ തിരക്കിലാണ് എന്ന് അവര്‍ മറുപടി പറയും. ഇറാനിലെ നവസിനിമ പ്രസ്ഥാനത്തിന് ചുവടുറപ്പു നല്‍കിയ അബ്ബാസ് കിയരസ്തമിയുടെ പുതിയ പടം 'ദ സര്‍ട്ടിഫൈഡ് കോപ്പി' എന്ന് പുറത്തുവരുമെന്ന ആകാംക്ഷയിലാണ് ഈ മലയാളിക്കൂട്ടങ്ങള്‍. ഒരുകാലത്ത് ലാറ്റിനമേരിക്കന്‍ സിനിമകളുടെ കടുത്ത ആരാധകരായി ഏതാനും കുളിക്കാത്ത ബുജികള്‍ മാമ്രമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളു. അടൂര്‍ ഗോപാലകൃഷ്ണനെയും അരവിന്ദനെയും പോലും തിരിച്ചറിയാത്ത അവരുടെ കാലം കഴിഞ്ഞു. പുതിയ ആസ്വാദകവൃന്ദങ്ങള്‍ ആ സ്ഥാനം കൈയടക്കിയിരിക്കുന്നു. ഇറാനില്‍ തളിരിട്ട നവസിനിമകള്‍ ഈ ആസ്വാദന വഴിമാറ്റത്തില്‍ ഏറെ പ്രചോദനമേകിയിട്ടുണ്ട്.വൈകാരികമായ ജീവിത സാഹചര്യങ്ങളെ ലളിതമായും അങ്ങേയറ്റം സൌന്ദര്യാത്മകവുമായി അവതരിപ്പിച്ച ഇറാനിയന്‍ സിനിമകള്‍ വ്യത്യസ്തത കൊതിച്ച മലയാളിക്കൂട്ടങ്ങളെ കീഴടക്കിയത് പെട്ടെന്നാണ്. സാങ്കേതിക വിദ്യയുടെ ഉദാരവത്കരണം ലോകസിനിമയുടെ അതിരുകളെ അപ്രസക്തമാക്കിയിരിക്കുന്നു. ഡി.വി.ഡി വിപ്ലവം ഇന്ന് വീട്ടകങ്ങളെവരെ ലോക സിനിമാ തിയറ്ററുകളാക്കിയിരിക്കുന്നു. മൂന്നും നാലും വര്‍ഷം പഴക്കമുള്ള സിനിമകളുടെ തടിയന്‍ പുസ്തകംപോലെ തോന്നിക്കുന്ന വീഡിയോ കാസറ്റുകള്‍ വാടകക്കെടുത്ത് കണ്ടിരുന്ന വി.സി.ആര്‍ കാലത്തുനിന്നും ഡി.വി.ഡി പ്ലെയര്‍കാലത്തേക്കുളള മാറ്റം ഏറെ സഹായിച്ചത് ഈ 'ലോക സിനിമാ ഭ്രാന്തന്മാരെ' ആണ്. ഇക്കഴിഞ്ഞ തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലില്‍ (ഐ.എഫ്.എഫ്.കെ) ഏറെപ്പേരെ ആകര്‍ഷിച്ച സിനിമയായിരുന്നു ബഹ്മാന്‍ ഗൊബാദിയുടെ 'ഹാഫ് മൂണ്‍'. സദ്ദാമിന്റെ പതനത്തിനുശേഷമുള്ള ഇറാഖിന്റെ ദുരവസ്ഥ വ്യംഗ്യമായും അങ്ങേയറ്റം സൌന്ദര്യാത്മകമായും അവതരിപ്പിച്ച ഇറാനില്‍നിന്നുള്ള ഈ ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ് കണ്ടവര്‍ നിരവധിയായിരുന്നു. പലരുടെയും സ്വകാര്യശേഖരത്തില്‍ നേരത്തേ സ്ഥാനം പിടിച്ചിരുന്നു ഈ സിനിമ. ഇറാനിലെ പുതുതലമുറയിലെ ശ്രദ്ധേയനായ ഈ കുര്‍ദിഷ് സംവിധായകന്‍ സമീറ മക്മല്‍ബഫിന്റെ 'ദ ബ്ലാക്ക് ബോര്‍ഡി'ല്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടുമുണ്ട്. ഗൊബാദിയുടെ 'ടര്‍ട്ടില്‍സ് കാന്‍ ഫ്ളൈ' എന്ന ചിത്രവും നേരത്തേ ഇഷ്ടം പിടിച്ചുപറ്റിയതാണ്. എവിടെയും ഇഷ്ട ചിത്രങ്ങള്‍ അനായാസം ലഭിക്കുമെന്നതായതോടെ നാടുനീളെ 'ഫിലിം ഫെസ്റ്റിവലുകളാ'യിരിക്കുന്നു. ആഘോഷ വേളകളില്‍ ഒരു ഫിലിം ഫെസ്റ്റിവലാണ് ഇപ്പോഴത്തെ ഫാഷന്‍. ഒരു ഡി.വി.ഡി പ്ലെയറും ഒരു എല്‍.സി.ഡി പ്രോജക്ടറുമുണ്ടെങ്കില്‍ എവിടെയും ഫിലിം ഫെസ്റ്റിവല്‍ നടത്താം. ഇറാന്‍ സിനിമ എന്നാല്‍ ഒരുകാലത്ത് മൊഹ്സിന്‍ മക്മല്‍ബഫ് എന്നായിരുന്നു. ബഫിന്റെ സിനിമയിലെ രാഷ്ട്രീയ മാറ്റവും പടിഞ്ഞാറിനോടുള്ള ചായ്വും തിരിച്ചറിഞ്ഞ മലയാളിക്കൂട്ടം ഇപ്പോള്‍ ബഫിനെ കൈവിട്ട മട്ടിലാണ്. അമേരിക്കന്‍ അധിനിവേശത്തില്‍ ഞെരിഞ്ഞുടഞ്ഞ അഫ്ഗാനിസ്ഥാനെ പരാമര്‍ശിക്കുകപോലും ചെയ്യാതെ അഫ്ഗാനില്‍ ചിത്രീകരിച്ച 'കാണ്ഡഹാര്‍' ഏറെ നിരാശപ്പെടുത്തിയിരുന്നു. ഇറാനിലെ നവസംവിധായകരില്‍നിന്ന് പ്രചോദനം തേടിയ നിരവധിപേര്‍ ഇപ്പോള്‍ തുര്‍ക്കി സിനിമയില്‍ പിറന്നുവീണിട്ടുണ്ട്. അബ്ദുല്ല ഓഗസ് (ദ ബ്ലിസ്), ഹുസൈന്‍ കരാബേ (മൈ മര്‍ലോണ്‍ ആന്റ് ബ്രാണ്ടോ) തുടങ്ങിയവരിലാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണ്. ഫലസ്തീനി സിനിമയായ റഷീദ് മഷ്റാവിയുടെ 'ലൈലാസ് ബര്‍ത്ത്ഡേ' അവരെ ഏറെ ആകര്‍ഷിച്ചു. ഒരു പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അവള്‍ക്കുള്ള കേക്കുമായി നേരത്തേ വീടണയാമെന്ന് ഉറപ്പുനല്‍കി രാവിലെ ജോലിക്കുപോയ ടാക്സി ഡ്രൈവറായ പിതാവിന്റെ വ്യഗ്രതയിലൂടെ ഫലസ്തീനെന്ന രാഷ്ട്രത്തിന്റെയും ജനതയുടെയും നിസ്സഹായത പകര്‍ത്തിയ ഈ ചിത്രം മികച്ച രാഷ്ട്രീയ സിനിമകൂടിയാണ്.വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ രാഷ്ട്രീയവും സാംസ്കാരികവുമായ സങ്കീര്‍ണതയിലും അനിശ്ചിതത്ത്വങ്ങളിലും നട്ടംതിരിയുന്ന മനുഷ്യരുടെ പരുപരുത്ത ജീവിതത്തെ വളച്ചുകെട്ടുകളോ ബുദ്ധിജീവി ജാടകളോ ഇല്ലാതെ ഞെട്ടലോടെ അവതരിപ്പിക്കുന്നതുകൊണ്ടാണ് മലയാളിക്കൂട്ടം ഈ സിനിമകളെ ആവേശത്തോടെ നെഞ്ചേറ്റുന്നത്. അതിനൊക്കെ പുറമേ അതിമാനുഷരായ നായകന്മാരുടെ സ്ഥിരം വളിപ്പുകള്‍ ആവര്‍ത്തിക്കുന്ന മലയാള സിനിമയുടെ മടുപ്പിക്കുന്ന അന്തരീക്ഷവും ജീവിതം മണക്കുന്ന മറുനാടന്‍ ചിത്രങ്ങളെ രസച്ചരട് പൊട്ടിക്കുന്ന സബ് ടൈറ്റിലിന്റെ അസ്വാരസ്യവും സഹിച്ച് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. ബുര്‍ക്കിനോഫാസയില്‍ സിനിമയോ എന്ന് ചോദിച്ചവരെ ഞെട്ടിച്ച 'ഡ്രീംസ് ഓഫ് ഡസ്റ്റ്' അവരുടെ ശേഖരത്തിലെ ഇഷ്ടയിനങ്ങളില്‍ ഒന്ന്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകര്‍ച്ചവ്യാധിപോലെ ഈ സിനിമ ജ്വരം പകരുന്നതിന് മറൈന്‍ ഡ്രൈവിലും തിരുവനന്തപുരത്തെ ചില കേന്ദ്രങ്ങളിലും വളര്‍ന്നു തുടങ്ങിയ 'ലോക സിനിമാവിപണി' ഉദാഹരണം. ഇത്തവണത്തെ ഒസ്കറില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച 'സ്ലം ഡോഗ് മില്ല്യനെയറി'ന്റെ ഡി.വി.ഡി വേണോ? അതോ മികച്ച നടിക്കുള്ള അവാര്‍ഡ് കേറ്റ് വിന്‍സ്ലറ്റിന് കിട്ടിയ 'റീഡറിന്റെ' അല്ലെങ്കില്‍ ഷോണ്‍പെന്നിനെ മികച്ച നടനാക്കിയ 'മില്‍ക്കി'ന്റെ. അതുമല്ലെങ്കില്‍ ബ്രാഡ് പിറ്റിന്റെ 'ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍'. ഏതുവേണമെങ്കിലും റെഡി. നെറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തു കാണാനും ഇപ്പോള്‍ അവസരമുണ്ട്. ഇതും ലോകസിനിമയെ പ്രത്യേകിച്ച് ചോരമണക്കുന്ന പശ്ചിമേഷ്യയുടെ മണ്ണിലെ കനല്‍ കാച്ചിയ കാഴ്ചകള്‍ കാണാന്‍ ഏറെ സഹായിക്കുന്നു. അതൊക്കെകൊണ്ടാണ് മലയാളത്തിന്റെ മുറ്റത്ത് ഗൊബാദിയും മജീദ് മജീദിയുമെല്ലാം സായാഹ്നയാത്ര ചെയ്യുന്നത്.ഓര്‍മക്കുറിപ്പ്: ഇക്കഴിഞ്ഞ എപ്രില്‍ 15നായിരുന്നു ഷൌക്കത്ത് അമീന്‍ കോര്‍ക്കി എന്ന ഇറാഖി സംവിധായകന്റെ 'ക്രോസിംഗ് ദ ഡസ്റ്റ്' ഫ്രാന്‍സില്‍ റിലീസ് ചെയ്തത്. അതിനും എത്രയോ മുമ്പേ ആ സിനിമ കോഴിക്കോട്ടും തൃശãുരുമെല്ലാം എല്‍.സി.ഡി വെളിച്ചത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2003ലെ സദ്ദാം ഹുസൈന്റെ പതനത്തിനുശേഷമുള്ള ഇറാഖിന്റെ മണ്ണിലാണ് സിനിമ നടക്കുന്നത്. അമേരിക്കന്‍ ക്യാമ്പിലേക്ക് ഭക്ഷണവുമായി പോകുന്ന രണ്ട് കുര്‍ദു യുവാക്കള്‍ക്ക് വഴിയില്‍നിന്ന് ഒരു കുട്ടിയെ കിട്ടുന്നതാണ് സിനിമയുടെ പ്രമേയം. ആ കുട്ടിയുടെ പേരാകട്ടെ സദ്ദാം എന്നും. അമേരിക്കന്‍ ആക്രമണത്തില്‍ ഛിന്നഭിന്നമായ ഇറാഖിന്റെ തെരുവുകളില്‍ 'സദ്ദാമിന്റെ' മാതാപിതാക്കളെ തേടിനടക്കുന്ന ആ യുവാക്കളുടെ ദുരന്തപൂര്‍ണമായ അന്ത്യം ഫ്രാന്‍സിന്റെ കണ്ണുകളെപ്പോലും നനയിച്ചു. അതിനുമെത്രയോ മുമ്പ് മലയാളിക്കൂട്ടം ഈ ചിത്രം കണ്ട് കണ്ണീര്‍ വാര്‍ത്തിരുന്നു. ഒരുപക്ഷേ, ഇറാഖുകാര്‍ക്കോ അറബ്ലോകത്തിനുതന്നെയോ ഇങ്ങനെയൊരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് എന്നറിയുന്നതിനും എത്രയോ മുമ്പ്.

( 2009 ഏപ്രില്‍ 18 ശനി ഗള്‍ഫ്മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)

1 comment:

കരീം മാഷ്‌ said...

ഇറാനിയന്‍ ബീജം കോ“യി“ക്കോടന്‍ ഗര്‍ഭപാത്രത്തില്‍ ജന്മം നല്‍കിയ മൂസാ റസാ ഫാറൂഖിയുടെ സാമീപ്യം എനിക്കു മിഠായിത്തെരുവിലൂടെ ഇടക്കിടക്കീയാത്ര പ്രദാനം ചെയ്യാറുണ്ട്.
തുടരുക \
പ്രയാണം.
വായിക്കാന്‍ ഞാനുണ്ടാവും.
എനിക്കിഷ്ടമായി ഈ എഴുത്ത്.