അയല്‍ക്കാരന്റെ തിരശ്ശീലയില്‍ തെളിയുന്നത്...


വിജയകാന്തിന്റെ നെഞ്ചില്‍ത്തട്ടിയ വെടിയുണ്ട ഒരു പോറലുപോലുമേല്‍പിക്കാതെ വെടിയുതിര്‍ത്ത വില്ലന്റെ മാറില്‍ തിരികെ കൊണ്ട് അയാള്‍ ചത്തുവീഴുന്നത് അടുത്ത കാലത്ത് പ്രചാരം കിട്ടിയ ഇന്റര്‍നെറ്റ് തമാശകളില്‍ ഒന്നാണ്. തെക്കന്‍ താരങ്ങളെ ലോകം പേടിക്കുന്നതെന്തുകൊണ്ടെന്ന തലവാചകത്തില്‍ പ്രചരിക്കുന്ന സാമ്പിള്‍ പട്ടികയില്‍നിന്ന് എന്തുകൊണ്ടാണ് മലയാള നായകന്മാരെ ഒഴിവാക്കിയതെന്നോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. എന്താണ് തമിഴ് സിനിമ എന്നതിനെക്കുറിച്ച് സ്ഥിരപ്പെട്ടുപോയ ഒരു കാഴ്ചയുടെ തുടര്‍ച്ചയായിരിക്കണം ദൃശ്യങ്ങളെ തമാശരൂപേണ ഇന്‍ബോക്സുകളിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ മിക്കവരെയും പ്രേരിപ്പിക്കുന്നത്.ജിപ്സി വാനും കുതിരയെയുമെല്ലാം രജനീകാന്ത് കാലില്‍കെട്ടി വലിക്കുമ്പോഴും ആനയെപ്പോലും ചിരഞ്ജീവി വെറും കൈകൊണ്ട് അടിച്ചോടിക്കുമ്പോഴും വിജയ് ആകാശത്തില്‍ പറന്നുനടന്ന് വില്ലന്മാരെ ഇടിച്ച് പരിപ്പെടുക്കുമ്പോഴും വിജയകാന്തിന്റെ ഇത്തരം തമാശകള്‍ കാണുമ്പോഴും സീറ്റില്‍ കയറിനിന്ന് കൈയടിക്കുകയും വായില്‍ വിരല്‍ തിരുകി വിസിലടിക്കുകയും ചെയ്തവരായിരുന്നു തമിഴ് സിനിമാ പ്രേക്ഷകര്‍. അതൊക്കെ ആസ്വാദനത്തിന്റെ പിരിവുകളിലെ മറക്കാനിഷ്ടപ്പെടുന്ന ഭൂതകാലമായി ഇപ്പോള്‍ തമിഴര്‍ക്കുപോലും തോന്നിയിരിക്കുന്നു.കൊഴുപ്പുമുറ്റിയ വയറ് വരിഞ്ഞുകെട്ടി പ്രായം മറയ്ക്കാന്‍ ദേഹമാസകലം ചായവും തേച്ച്, നമിത എന്ന സെക്സ് ബോംബിന്റെ കൈയും പിടിച്ച് ബിഗ്ബജറ്റുകളില്‍ ഇറങ്ങിയിട്ടും അടുത്ത കാലത്തൊന്നും ഒരൊറ്റ വിജയകാന്ത് ചിത്രവും തമിഴകത്ത് പച്ച തൊട്ടിട്ടില്ല. വരിവരിയായി എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. കോടികള്‍ പുല്ലാക്കി പത്തും ഇരുപതും വേഷങ്ങളില്‍ തട്ടിപ്പിടഞ്ഞ കമല്‍ഹാസന്റെയും രജനീകാന്തിന്റെയും ചിത്രങ്ങളുടെയും ഗതി മറ്റൊന്നായിരുന്നില്ല. നമിത ഇപ്പോള്‍ തമിഴകത്തുനിന്ന് മെല്ലെ തടിയൂരി കേരളത്തില്‍ വേരുറയ്ക്കുമോ എന്ന പരീക്ഷണത്തിലാണ്. അതും ഒരു വിപരീത കാലത്തിന്റെ സൂചന.പേടിപ്പെടുത്തുന്ന താരങ്ങളുടെ ലിസ്റ്റില്‍ മലയാള സിനിമയിലെ വലിയേട്ടന്മാരെ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ഒരുപക്ഷേ, പൂര്‍വകാലത്തില്‍ ചെയ്തുപോയ ചില നല്ല സിനിമകളുടെ പേരില്‍ അവരെ ദയാഹര്‍ജി പട്ടികയില്‍ പെടുത്തിയതായിരിക്കണം. താരങ്ങളുടെ ദേഹവലുപ്പം നോക്കാതെ മലയാളികള്‍ ഓരോ 'സൂപ്പര്‍ ചിത്രങ്ങളും' നിലത്തുവാരി അലക്കുന്ന കാലംകൂടിയാണിത്.സ്റ്റൈല്‍ മന്നന്മാരുടെയും ഉലക നായകന്മാരുടെയും ഇളയ ദളപതിമാരുടെയും അള്‍ട്ടിമേറ്റ് സ്റ്റാറുകളുടെയും ചിത്രങ്ങള്‍ നിലത്തുവീണുടയുന്നതിന്റെ നിലവിളികളാണ് ഇപ്പോള്‍ അയലത്തെ തിരശãീലയില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. തമിഴര്‍ ശീലിച്ചുപോന്ന സിനിമാ അഭിരുചികളുമായി ചേര്‍ത്തു നോക്കുമ്പോള്‍ ഇത് സങ്കല്‍പ്പിക്കാനാവാത്തതാണ്. കോയമ്പത്തൂരിലെയും മധുരയിലെയുമൊക്കെ നാട്ടുമ്പുറത്തെ ബീഡിപ്പുകയുടെയും വറുത്ത കപ്പലണ്ടിയുടെയും മണം കെട്ടിമറിയുന്ന ഓലക്കൊട്ടകകളില്‍ 'വേലക്കാരനും' 'അണ്ണാമലൈ'യും 'ബാഷ'യും 'പടയപ്പ'യും 'അപൂര്‍വ സഹോദരങ്ങളും' 'തേവര്‍മകനു'മൊക്കെ ഇപ്പോഴും പ്രേക്ഷകര്‍ ആര്‍പ്പുവിളികളോടെ സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. വിയര്‍പ്പൊഴുക്കാതെ കിടന്നുറങ്ങാന്‍ മടിക്കുന്ന തമിഴര്‍ തങ്ങളുടെ സ്വപ്നങ്ങളിലേക്ക് കാല്‍പനികതയുടെയും അതിശയോക്തിയുടെയും വീരസ്യങ്ങളുമായി തിരശãീല കീറിപുറത്തുവന്ന നായകന്മാരെ വെറും താരങ്ങള്‍ എന്ന ലേബലില്‍ ഒതുക്കാന്‍ തയാറല്ലായിരുന്നു. അങ്ങനെയാണ് താരങ്ങള്‍ അവര്‍ക്കിടയില്‍ ദൈവങ്ങളായി മാറിയത്. യാഥാര്‍ഥ്യത്തെ മറക്കാന്‍ കൊതിച്ച് അയഥാര്‍ഥമായ സ്വപ്നങ്ങളിലേക്കും വീര്യങ്ങളിലേക്കും ചേക്കേറുന്ന തമിഴന്റെ മനഃശാസ്ത്രമാണ് ബിംബനിര്‍മിതിക്കും അമ്പലനിര്‍മിതിക്കും പിന്നിലെന്ന് സാമൂഹിക ശാസ്ത്രകാരന്മാര്‍ കാരണം പറഞ്ഞോട്ടെ. പക്ഷേ, അതേ ദൈവങ്ങളുടെ ചിത്രങ്ങളെ കാലുവാരി നിലത്തടിക്കാന്‍ അതേ തമിഴനെ ഇപ്പോള്‍ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം?ടൈറ്റിലിലെങ്കിലും രജനീകാന്തിന്റെ പേരടിച്ച്് പുറത്തുവരുന്ന ഒരു ചിത്രം പൊട്ടുന്നത് ഒരു ശരാശരി തമിഴന് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല്ല. വെള്ളിത്തിരയിലെ രജനീകാന്തിന്റെ മരണത്തില്‍ ചാരമായി പോകാനിടയുള്ള തിയറ്ററുകളെ ഓര്‍ത്ത് ക്ലൈമാക്സില്‍ രജനീകാന്തിനുപകരം മണിരത്നത്തിന് മമ്മൂട്ടിയെ കൊല്ലേണ്ടിവന്നിട്ടുണ്ട് 'ദളപതി'യില്‍.ഒരു വശത്ത് 'കുചേലനും' 'ദശാവതാര'വും 'വില്ലും' 'അരസാങ്ക'വുമൊക്കെ പൊട്ടിപ്പാളീസാകുമ്പോള്‍ മറുവശത്ത് 'വെയിലും' 'പരുത്തിവീരനും' 'സുബ്രഹ്മണ്യപുര'വും തമിഴന്റെ പുതിയ ആവേശമായി മാറുകയാണ്. ഷഷ്ടിപൂര്‍ത്തിയിലേക്ക് കാലുനീട്ടിയിരിക്കുന്ന രണ്ടു സൂപ്പര്‍താരങ്ങള്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ കഴുത്തില്‍ കൈയിട്ട് നായകന്മാരായി കോമാളിക്കോലം കെട്ടുന്ന അസഹനീയ കാഴ്ചയില്‍ ഛര്‍ദിമണം പുരട്ടുന്ന മലയാളിയും പാണ്ടിപ്പടങ്ങളെ പതിവില്ലാത്ത ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍പോലുമില്ലാത്തത്രയും ചര്‍ച്ചകളാണ് മലയാളത്തില്‍ സിനിമകള്‍ സൃഷ്ടിക്കുന്നത്. തമിഴ് എഴുത്തുകാരനായ ചാരുനിവേദിത പോലും 'സ്ലം ഡോഗ് മില്യനയറി'നെക്കാള്‍ മികച്ച ചിത്രമാണ് 'നാന്‍ കടവുള്‍' എന്ന് പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുക്കുന്നത് മലയാളത്തിലെ പ്രസിദ്ധീകരണങ്ങളെയാണ്.നാട്ടുജീവിതത്തിലെ കല്ലുപോലെ പരുപരുത്ത നേരുകളെ അതിശയോക്തികളുടെ അതിസാരങ്ങളില്ലാതെ നേര്‍ക്കുനേരെ നീട്ടിയപ്പോള്‍ ആവേശത്തോടെ ഒരു ജനത കൈയേല്‍ക്കുന്നതാണ് ഇപ്പോള്‍ തമിഴില്‍ സംഭവിക്കുന്നത്; മാറ്റത്തിന്റെ മുന്നില്‍ നടക്കുന്നത് ഒരുകൂട്ടം ചെറുപ്പക്കാരും. ഇതുവരെ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കലാകാരന്മാരുടെ കൂട്ടുകെട്ടാണ് സിനിമകളെ സംഭവങ്ങളാക്കി മാറ്റുന്നത്. രണ്ടോ മൂന്നോ നടന്മാരും അവരെ ചുറ്റിപ്പറ്റി കളപോലെ വളരുന്ന കുറേ സില്‍ബന്തികളും ചേര്‍ന്ന് അടുക്കളകാര്യങ്ങള്‍വരെ തീരുമാനിക്കുന്ന മലയാളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല. പ്രായംകൊണ്ട് ചെറുപ്പം തോന്നിക്കുമ്പോഴും ഇവിടുത്തെ സംവിധായകരുടെ മനസ്സില്‍ മമ്മൂട്ടിയും മോഹന്‍ലാലും മറച്ചുപിടിക്കുന്ന പ്രായത്തിന്റെ ചുളിവുകള്‍ വടുകെട്ടിക്കിടപ്പുണ്ട്.യാഥാര്‍ഥ്യങ്ങളെ മറയില്ലാതെ വിളിച്ചുകാണിച്ച് വിജയം കൊയ്യുമ്പോഴും മികച്ച ചിത്രങ്ങള്‍ എന്ന് അംഗീകരിക്കുമ്പോഴും 'വെയില്‍', 'പരുത്തിവീരന്‍', 'സുബ്രഹ്മണ്യപുരം' എന്നീ ചിത്രങ്ങള്‍ കണക്കിന് പഴി കേട്ടിരുന്നു, അളവുകോലുകളില്ലാതെ തുറന്നുവിട്ട വയലന്‍സ് രംഗങ്ങളുടെ പേരില്‍. ക്ലൈമാക്സുകളില്‍ ചോരപ്പുഴതന്നെയൊഴുകി. കാളപ്പോരും കുത്തിയാട്ടവും അലിഞ്ഞുചേര്‍ന്ന, ആര്‍പ്പുവിളികളോടെ ശവമെടുക്കുന്ന ഒരു ജനതയുടെ ജീവിതത്തില്‍നിന്ന് ഒഴിച്ചുനിറുത്താനാവാത്ത അക്രമോല്‍സുകതയുടെ അതിശയോക്തി കലരാത്ത ജീവിതസന്ദര്‍ഭങ്ങളാണ് സത്യത്തില്‍ ചിത്രങ്ങള്‍ അവതരിപ്പിച്ചത്. എങ്കിലും, നഗരവട്ടങ്ങള്‍ക്കപ്പുറത്തെ ഊരുകളില്‍ ഇപ്പോഴും കൊടുവാളുകള്‍ ഉയര്‍ന്നുതാഴുന്നു എന്ന് തെറ്റിദ്ധരിച്ചുപോകാന്‍പോലും ചിത്രങ്ങള്‍ ഇടയാക്കിയിട്ടുണ്ട് എന്നത് ഒരു കുറ്റംതന്നെയാണെന്ന് സമ്മതിക്കേണ്ടി വരും. പ്രത്യേകിച്ച് തെക്കന്‍ തമിഴകത്ത്. 'പരുത്തിവീരനും' 'സുബ്രഹ്മണ്യപുര'വും എത്തിയിടത്തുനിന്ന് മുന്നോട്ടുതന്നെ തമിഴ് സിനിമ സഞ്ചരിക്കുന്നുവെന്ന് 'വെണ്ണിലാ കബഡിക്കൂട്ടം' (വെണ്ണിലാ കബഡികുഴു) എന്ന പുതിയ ചിത്രത്തിന്റെ വിജയം വിളിച്ചുപറയുന്നു. സാധാരണ തമിഴ് സിനിമയില്‍ കണ്ടുവരുന്ന 'ചേരുവകള്‍' എല്ലാമടങ്ങിയ ഒരു ചിത്രം. എന്നിട്ടും അതൊരു അസാധാരണ ചിത്രമായി പ്രേക്ഷകന് അനുഭവപ്പെടുന്നു. സമകാലിക ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ച വിജയ ചിത്രങ്ങള്‍ കേള്‍ക്കേണ്ടിവന്ന ആക്ഷേപങ്ങളെ ചിത്രം ഒഴിവാക്കിയിരിക്കുന്നു.നഗരത്തിന്റെയും നഗരവത്കരണത്തിന്റെയും വളിപ്പന്‍ മുഖങ്ങള്‍ നൂറ്റൊന്ന് ആവര്‍ത്തിച്ചപ്പോഴുണ്ടായ വിരേചനമായി ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട് പുതുതലമുറയിലെ തമിഴ് സംവിധായകര്‍. അമീര്‍ സുല്‍ത്താനും വസന്തബാലനും ശശികുമാറുമൊക്കെ തെക്കന്‍ തമിഴകത്തിന്റെ ഗ്രാമങ്ങളിലാണ് കാമറ ഉറപ്പിച്ചത്. പുതുമുഖ സംവിധായകനായ സുശീന്ദ്രനും താരതമ്യേന പുതുതായ തന്റെ ടീമും ദിണ്ഡിഗല്ലിലെ ഗ്രാമങ്ങളില്‍ കാമറ നാട്ടി പറഞ്ഞ കബഡിക്കൂട്ടത്തിന്റെ കഥയില്‍ സൂപ്പര്‍താരങ്ങളോ എന്തിന് താരങ്ങള്‍ പോലുമോ ഇല്ല. കൃത്യമായൊരു നായകനോ നായികയോ വില്ലന്‍ പോലുമോ ഇല്ല. അടുത്ത സീന്‍ എന്തായിരിക്കും എന്ന് പ്രവചിക്കാന്‍ ശേഷിയുള്ള പ്രേക്ഷകരെവരെ അമ്പരപ്പിലാക്കി വില്ലന്‍ എന്നു സന്ദേഹിക്കുന്ന നിമിഷം കഥാപാത്രം ശൂന്യതയില്‍ ലയിച്ചു പോകുന്നു. നായികയായി സങ്കല്‍പിക്കാവുന്ന കഥാപാത്രത്തിന്റെ (മലയാളിയായ ശരണ്യമോഹന്‍) പേരു പോലും എവിടെയും പറയുന്നില്ല, പകരം അവള്‍ പഠിക്കുന്ന കോളജിന്റെ പേരുമാത്രമേ ഓര്‍മയിലുള്ളൂ. ജീവിതത്തിന്റെ ഒറ്റ ഷോട്ടില്‍ കടന്നുവന്നു മറയുന്ന ഓരോ മനുഷ്യര്‍ക്കും ജീവിതം അപ്പാടെ മാറ്റിമറിക്കാന്‍ ശേഷിയുണ്ട് എന്ന് സമര്‍ഥിക്കുകയായിരിക്കണം സംവിധായകന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായക കഥാപാത്രങ്ങളുടെ അമാനുഷികത കൂടുതല്‍ ഉയരത്തില്‍ സ്ഥാപിക്കാനുള്ള വെപ്രാളത്തിനിടയില്‍ സഹകഥാപാത്രങ്ങളെ തുപ്പല്‍ കോളാമ്പി താങ്ങികളാക്കുകയോ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ മറന്നു പോവുകയോ ചെയ്യുന്ന നമ്മുടെ സിനിമക്കാര്‍ ചിത്രം കാണണം. ഒരു സീനില്‍ വന്നുമറയുന്ന കഥാപാത്രംപോലും ഉടഞ്ഞുപോകാത്ത വ്യക്തിത്വവുമായി ഉണര്‍ന്നുനില്‍ക്കുന്നത് എങ്ങനെയെന്നതിന്റെ പാഠപുസ്തകമാവും ചിത്രം.എത്രമേല്‍ നഗരവത്കരിച്ചാലും തമിഴ് ജീവിതത്തില്‍നിന്ന് പറിച്ചു മാറ്റാന്‍ കഴിയാത്ത സാംസ്കാരിക അടയാളമാണ് തിരുവിഴ. നാട്ടു കോവിലിലെ ഉല്‍സവം. ഒരുകാലത്ത് കേരളത്തിലെ മിക്ക നാട്ടിന്‍പുറങ്ങളിലും സമാനമായ ഉല്‍സവ സംസ്കാരം കൊട്ടിയാടിയിരുന്നു. വെളിയൂരുകളിലേക്ക് കെട്ടിച്ചയച്ച പെണ്‍കിടാങ്ങള്‍ അവരുടെ പുരുഷന്മാര്‍ക്കും കിടാങ്ങള്‍ക്കുമൊപ്പം നാട്ടിലെത്തിയിരുന്നത് അത്തരം ഉല്‍സവനാളുകളിലായിരുന്നു. ഇന്നും ചില നാടുകളില്‍ സംസ്കാരത്തിന് മുറിവേറ്റിട്ടില്ല. പക്ഷേ, നമ്മുടെ സിനിമക്കാര്‍ക്ക് അതൊരു അശ്ലീലമായ കാഴ്ചയാണ്.ഓരോ തിരുവിഴകള്‍ക്കും ഇടയിലെ ദൂരംജീവിതത്തിന്റെ മാറ്റത്തിരുത്തലുകളുടേതും കൂടിയാണ്. ഓരോ തവണയും കാണാതാകുന്ന മുഖങ്ങളെ തിരയുന്നവരുടെ ജിജ്ഞാസയാണ് അതിന്റെ സൌന്ദര്യം. ആട്ടവും കൂത്തും പാട്ടും മേളം തകര്‍ക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഓരോരുത്തരും ഓരോ മുഖങ്ങളെയാവും തിരയുക. കണ്ടെത്തിയവരുടെ ആനന്ദമല്ല കാണാതെ പോകുന്നവരുടെ ആത്മനൊമ്പരം. പരുപരുത്ത നാട്ടുമുറ്റങ്ങളിലെ ഏറ്റവും സ്വാഭാവിക കായിക വിനോദമായ കബഡിയും തിരുവിഴയും ചേര്‍ത്തുനിറുത്തിയ സിനിമ സ്വാഭാവികസിനിമ എന്ന് അമീര്‍ സുല്‍ത്താനെപ്പോലുള്ള സംവിധായകര്‍ വിശേഷിപ്പിക്കുന്ന ഗണത്തില്‍ പെടുന്നു. തമിഴ്നാടിന്റെ ഗ്രാമാന്തരങ്ങളില്‍ ഇന്നും ആവേശം ചമക്കുന്ന കബഡിയുടെ പശ്ചാത്തലം സിനിമയില്‍ എവിടെയും വേറിട്ടുനില്‍ക്കുന്നില്ല. വിത്തിറക്കലും വിളവെടുപ്പും വീര്യം നുകരലുമെല്ലാംപോലെ അവരുടെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്. ആട് മേയ്ക്കലും പാല് കറക്കലും ചായക്കച്ചവടവും സര്‍ക്കാര്‍ ഗുമസ്തനുമൊക്കെയായ ഒരു സംഘം ചെറുപ്പക്കാരെ ഒന്നിച്ചു ചേര്‍ക്കുന്നത് കബഡിയാണ്. അത് അവരില്‍ ആവേശവും ഐക്യവും തീര്‍ക്കുന്നു. വ്യക്തിഗത മികവിന്റെ കായിക രൂപങ്ങള്‍ക്ക് അവര്‍ക്കിടയില്‍ സ്ഥാനമില്ല. കൂട്ടം ചേര്‍ന്ന കഥാപാത്രങ്ങളായിരുന്നു ശൂന്യതയില്‍നിന്ന് 'റാംജിറാവു സ്പീക്കിംഗും' 'ഇന്‍ ഹരിഹര്‍നഗറും' 'ഗോഡ്ഫാദറും' മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളാക്കി മാറ്റിയത്. ചിത്രങ്ങളിലെ ഓരോ കഥാപാത്രങ്ങള്‍ക്കും പൂര്‍ണമാക്കാന്‍ ഓരോ ദൌത്യം ബാക്കിയുണ്ടായിരുന്നു. ഒരാളും അധികപ്പറ്റല്ലാത്ത പാത്രസൃഷ്ടി. വീണ്ടും തിരിച്ചറിവില്‍ എത്തുന്നതിന്റെ സൂചനയാവാം ഹരിഹര്‍നഗറിലേക്ക് ഒരു കൂട്ടം വയസ്സന്മാരെ തിരികെ വിളിക്കാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നത്. വെണ്ണിലാ എന്ന് പേരുള്ള കബഡിക്കൂട്ടവും അങ്ങനെയാണ്. ഒരാള്‍ വേര്‍പെട്ടുപോയാല്‍ അംഗഭംഗം വരുന്ന ഒരു ടീമിന്റെ സ്വാഭാവികമായ ഘടന. അതിനിടയില്‍ ഒരു തിരുവിഴക്ക് ബന്ധുക്കളോടൊപ്പം ഗ്രാമത്തിലെത്തിയ പട്ടണത്തിലെ കോളജില്‍ പഠിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയും കബഡിക്കൂട്ടത്തിലെ അംഗമായ മാരിമുത്തുവും അടുപ്പത്തിലാവുന്നതില്‍പ്പോലും അസ്വാഭാവികതയില്ല. എന്നാല്‍, തമിഴ്സിനിമയെ പതിവായി പിടികൂടുന്ന ബാധയൊഴിപ്പിക്കാന്‍ ചിത്രത്തിലും കഴിഞ്ഞിട്ടില്ലെന്നു മാത്രം. ദ്രാവിഡന്റെ സ്വത്വം ആത്മാവിലും ശരീരത്തിലും പേറുന്ന തമിഴര്‍ പതിവ് ചോക്ലേറ്റ് നായക സ്വരൂപത്തിന് ഒട്ടും ചേരാത്ത നിരവധിപേരെ ^ ചേറിലും പൊടിയിലും പൊരിവെയിലത്തും പണിയെടുക്കുന്നവന്റെ പ്രതിനിധികളെവരെ ^ നായകന്മാരാക്കാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. എം.ജി.ആറും കമലഹാസനും അജിത്തും മാധവനുംപോലുള്ള ഏതാനുംപേര്‍ ഒഴികെ മുക്കാല്‍ പങ്ക് നായകന്മാരും സൌന്ദര്യത്തിന്റെ വെളുത്ത രൂപക്കൂടിന് പുറത്തുനിന്നവരായിരുന്നു. തൊലിക്കറുപ്പിന്റെ എണ്ണമിനുപ്പില്‍ അധികാരം പ്രഖ്യാപിച്ചവരായിരുന്നു. രജനീകാന്താണ് അവരുടെ ഏറ്റവും വലിയ താരം. അതിന്റെ തുടര്‍ച്ചയിലാണ് വിജയകാന്തും പാര്‍ഥിപനും വിജയും ധനുഷുമെല്ലാം ഇടംപിടിച്ചത്. എന്നിട്ടും വെളുപ്പിനോടുള്ള വിധേയത്തം അഗ്രഹാരങ്ങളില്‍നിന്നിറങ്ങിവന്നതുപോലുള്ള നായികമാരെ അവതരിപ്പിച്ച് തമിഴിലെ വിപ്ലവകാരികളായ സംവിധായകര്‍വരെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. 'സുബ്രഹ്മണ്യപുര'ത്തിലെ തുളസി എന്ന കഥാപാത്രം മാത്രമേ അവളുടെ വീട്ടില്‍ വെളുത്തുതുടുത്തതായുള്ളൂ. ചിറ്റപ്പനും അപ്പനും അമ്മയും അനിയനുമെല്ലാം കറുകറുത്തവര്‍. നായകനും കറുത്തവന്‍. അതില്‍നിന്ന് വ്യത്യസ്തമായി കറുത്ത നായികയെ അവതരിപ്പിച്ചത് പുതുകാല സംവിധായകര്‍ തങ്കര്‍ ബച്ചനും ചേരനുമാണ്. 'ആട്ടോഗ്രാഫി'ലെ നായകന്റെ പള്ളിക്കൂട പ്രണയിനിയായ നായികയെ (മല്ലിക എന്ന മലയാളി അവതരിപ്പിച്ച കഥാപാത്രം) കറുത്തവളാക്കി ഗ്രാമത്തു പൊണ്ണായി അവതരിപ്പിച്ച ചേരന്‍ ഗോപികയെയും സ്നേഹയെയും കനികയെയും അണിനിരത്തി അതിന് പ്രായശ്ചിത്തം ചെയ്തു. 'അഴകി' എന്ന സിനിമയില്‍ കറുത്ത നായികയായ നന്ദിതാദാസിനെ കൊണ്ടുവന്ന തങ്കര്‍ ബച്ചന്‍ ദേവയാനിയെ പകരംവെച്ച് 'പാപപരിഹാരം' ചെയ്തു. കറുത്തവളെങ്കിലും അവള്‍ ബാല്യകാലത്ത് വെളുത്തവളായിരുന്നു എന്നു സമാധാനം കൊണ്ടു.മലയാളിയായ ശരണ്യമോഹനെന്ന വെളുത്തുമിന്നുന്ന നായികയെ കറുപ്പന്‍ നായകന് അരികത്ത് നിറുത്തിയ സുശീന്ദ്രനും നിറത്തിന്റെമേലുള്ള അപകര്‍ഷബോധത്തില്‍നിന്ന് മോചനമില്ല. പാപം പൊറുത്തുകൊടുക്കാന്‍ ചിത്രം നിര്‍മിച്ചെടുക്കുന്ന നന്മയുടെ അംശങ്ങള്‍ മതിയാകും. പതിവായി തോറ്റുകൊണ്ടിരുന്ന ഒരു കബഡിക്കൂട്ടത്തെ (വെണ്ണിലാ എന്നത് ടീമിന്റെ പേര്) അതിശയോക്തിയോ അതിഭാവുകത്വമോ ഇല്ലാതെ വിജയിപ്പിച്ചെടുക്കാന്‍ കോച്ചിന്റെ വേഷമിടുന്ന കിശോര്‍ എന്ന നടന് കഴിയുന്നുണ്ട്. പതിവായി വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്ത നടന്‍ എറെ പ്രതീക്ഷ നല്‍കുന്നു.അടുത്ത തിരുവിഴക്ക് കാണാം എന്നു പറഞ്ഞു പിരിഞ്ഞ നായികാനായകന്മാരുടെ കൂടിച്ചേരല്‍ കാത്തിരിക്കുന്ന പ്രേക്ഷകനെ ഞെട്ടിച്ചു വീഴ്ത്തിയ ക്ലൈമാക്സാണ് സത്യത്തില്‍ ചിത്രത്തിന്റെ കാതല്‍. 'സുബ്രഹ്മണ്യപുര'ത്തിന്റെ ക്ലൈമാക്സില്‍ ആത്മമിത്രമായ പരമനെ ഇത്തിരി പണത്തിനായി കാശി ഒറ്റുകൊടുത്തതിന്റെ ഔചിത്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയവരെപ്പോലും അംഗീകരിപ്പിച്ചുകൊണ്ടാണ് ആരും പ്രതീക്ഷിക്കാത്ത ഇടത്തില്‍ ചിത്രം അവസാനിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ക്ലൈമാക്സ്. അവസാനവട്ടത്തില്‍ പതറിപ്പോകുന്ന തിരക്കഥകള്‍ക്ക് അപവാദം. അടുത്ത തിരുവിഴയില്‍ കാണാമെന്ന വാക്കുതെറ്റിക്കാതെ മാരിയുടെ ഓര്‍മക്കായി കൈയില്‍ കരുതിയ കറുത്ത ചരടില്‍ കൊരുത്ത് അവന്‍ കഴുത്തില്‍ അണിയാറുണ്ടായിരുന്ന മാലയുമായി ആള്‍ത്തിരക്കിനിടയില്‍ അലയുന്ന അവളുടെ കണ്ണുകളുടെ ഉത്തരമായി ഒരു ക്ലൈമാക്സ് വാര്‍ത്തെടുത്തത് സമീപകാല തമിഴ് സിനിമകള്‍ എത്തിയിടത്തുനിന്ന് ചിത്രത്തെ പിന്നെയും മുന്നോട്ടുനയിക്കുന്നു.ചെന്നൈയിലെ മള്‍ട്ടിപ്ലക്സില്‍ ആദ്യ പ്രദര്‍ശനം കഴിഞ്ഞശേഷം സംവിധായകന്‍ സുശീന്ദ്രനെ ഫോണില്‍ വിളിച്ചു സംസാരിച്ചത് 250 ഓളം സഹസംവിധായകരാണ്. സൂപ്പര്‍താരങ്ങളെ വെച്ച് എന്നെങ്കിലും ഒരു ചിത്രമെടുത്ത് ചലച്ചിത്ര ലോകത്തില്‍ മേല്‍വിലാസമുണ്ടാക്കാനായി സൂപ്പര്‍ സംവിധായകരുടെ ആട്ടും തുപ്പും കൊള്ളുന്ന വെറും ക്ലാപ്പടിക്കാരായ അവര്‍ ചിത്രം തങ്ങള്‍ക്ക് അപാരമായ ആത്മവിശ്വാസം നല്‍കിയതായി ഒരേ സ്വരത്തില്‍ പറഞ്ഞു. രണ്ടുമൂന്ന് താരങ്ങളും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മാഫിയ സംഘങ്ങളും വേലികെട്ടി പാറാവുനില്‍ക്കുന്ന മലയാള സിനിമയില്‍നിന്ന് ഇങ്ങനെയൊരു ചിത്രം ഉണ്ടാവില്ലെന്നുറപ്പ്. ഉപഭോഗത്തിന്റെ നാഗരിക സംസ്കാരം കീഴ്പ്പെടുത്തുന്ന സിനിമയെ രക്ഷിക്കാന്‍ ഒരുകൂട്ടം സംവിധായകര്‍ക്ക് ചെന്നുകയറാന്‍ പാകത്തില്‍ ഇന്നും ഗ്രാമങ്ങള്‍ അവശേഷിക്കുന്നുണ്ട് തമിഴകത്ത്. ചെന്നൈയും സേലവും കോയമ്പത്തൂരും മധുരയും പോലുള്ള നഗരത്തില്‍ ജീവിക്കുമ്പോഴും തമിഴന്റെ ഉള്ളില്‍ ചുരമാന്തുന്നത് നാട്ടിന്‍പുറങ്ങളാണ്. എവിടേക്ക് തുറന്നുപിടിച്ചാലും കാമറകളില്‍ കാഴ്ച പതിയും. അങ്ങനെയൊരു ഗ്രാമീണത ജീവിതത്തിന്റെ എല്ലായിടങ്ങളില്‍നിന്നും ബോധപൂര്‍വം അകറ്റി നിറുത്തിയ മലയാളിക്ക് സാഗര്‍ ഏലിയാസ് ജാക്കിമാര്‍ മതി. പഴയ വീഞ്ഞ്; കുപ്പി പോലും മാറ്റണ്ട.l

1 comment:

കരീം മാഷ്‌ said...

എനിക്കു പറയണമെന്നു തോന്നിയവ തന്നെയാണു സൈഫു ഇവിടെ പറഞ്ഞിരിക്കുന്നതും
അതിനാല്‍ താഴെ ഒരൊപ്പിടുന്നു.

ഒപ്പ്