ഊമകള്‍ സംസാരിക്കുമ്പോള്‍...

''.... നിങ്ങള്‍ കണ്ടുപോന്ന പെണ്‍കുട്ടി സുന്ദരിയാണ്. സമ്മതിച്ചു. അവളുടെ വീട്ടില്‍ അത്യാവശ്യം ഭേദപ്പെട്ടസ്വത്തുമുണ്ട്. നാട്ടില്‍ അറിയപ്പെടുന്ന കുടുംബവുമാണ്. അതും സമ്മതിച്ചു. പെണകുട്ടിയെ വിവാഹംകഴിക്കുന്നതോടെ സത്യത്തില്‍ നിങ്ങള്‍ ഒരു അത്യാപത്ത് തലയില്‍ എടുത്തുവെക്കാന്‍ പോവുകയാണ്. കുട്ടിയുടെ സ്വഭാവം എത്രമാത്രം നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് അത് നന്നായിഅറിയാം. അവള്‍ കോളജില്‍ പഠിക്കുന്ന കാലത്ത് കാട്ടിക്കൂട്ടിയ പേക്കൂത്തുകളെക്കുറിച്ച് നിങ്ങള്‍ ഞങ്ങളുടെനാട്ടിലെ ആരോടുവേണമെങ്കിലും ചോദിച്ചുനോക്കൂ. ആരൊക്കെ ആയിട്ട്, എങ്ങനെയൊക്കെ ആയിരുന്നു അവളുടെകമ്പനി എന്ന് അവര്‍ കൃത്യമായി അത് പറഞ്ഞുതരും. ഇനി പെണ്‍കുട്ടിയുമായുള്ള വിവാഹം വേണമോ എന്ന്തീരുമാനിക്കേണ്ടത് നിങ്ങളാണ്.... ആലോചിച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് നല്ലത്...എന്ന് നിങ്ങളോട്ഗുണകാംക്ഷയുള്ള ഒരു നാട്ടുകാരന്‍.''
പെണ്ണുകണ്ടിറങ്ങിപ്പോയ
ചെക്കന്റെ മേല്‍വിലാസം പരിശ്രമപ്പെട്ട്കണ്ടെത്തി ഇത്രയും ഗുണകാംക്ഷയോടെ ഒരു കത്ത് പിന്നാലെ വരുമ്പോള്‍ ഉണ്ടാകുന്ന പുകിലുകളെക്കുറിച്ച്ഓര്‍ത്തു നോക്കൂ. സെല്‍ഫോണും ഇന്റര്‍നെറ്റും എന്തിന് എസ്.ടി.ഡി പോലും ഇല്ലാത്ത കാലത്ത് ഇത്തരംകരക്കമ്പികള്‍' മുടക്കിയ കല്ല്യാണങ്ങളുടെ ഒത്തിരിയൊത്തിരി കഥകള്‍ പറയാനുണ്ടാവും ഇത് വായിക്കുന്നഓരോരുത്തര്‍ക്കും. ആരോരുമറിയാതെ പോസ്റ് ഓഫീസിന്റെ ചുവന്ന ചായം തേച്ച പെട്ടിയില്‍നിന്ന്കാക്കിസഞ്ചികളിലൂടെ കറങ്ങിത്തിരിഞ്ഞ് പേരും നാളുമില്ലാതെ വരുന്ന ഊമപ്പേച്ചുകളുടെ നെല്ലും പതിരുംതിരഞ്ഞ് നേരം കളയുന്നതെന്തിനെന്ന് ചെറുക്കന്റെ വീട്ടുകാര്‍ കരുതും. സിംപിള്‍ മനഃശാസ്ത്രംപണ്ടേക്കുപണ്ടേ മനഃപാഠമാക്കിയവരാണ് മലയാളികള്‍. പെണ്ണ് പിന്നെ വീട്ടിലിരുന്നുപോവാന്‍ സാധ്യതഏറെ. ''പ്രിയപ്പെട്ട എഡിറ്റര്‍, താങ്കളുടെ പ്രസിദ്ധീകരണത്തില്‍ വന്ന ..... ആളുടെ കവിത/ ലേഖനം കേമമായിരുന്നു. അദ്ദേഹത്തിന് ഒരു താമ്രപത്രംതന്നെ കൊടുക്കേണ്ടതാണ്. അത്ര മഹത്തരമാണ് കൃതി. ഞങ്ങളെന്താ വെറുംമന്തന്‍മാരാണോ.... ഇത്തരം മ്ലേച്ഛന്‍മാരുടെ അലമ്പുകള്‍ കൊടുത്ത് നിലവാരമുള്ള നിങ്ങളുടെ പ്രസിദ്ധീകരണംതകര്‍ക്കണോ? പ്രത്യേകിച്ചും താങ്കളെപ്പോലെ കര്‍മകുശലനായ ഒരാള്‍ എഡിറ്ററായിരിക്കുമ്പോള്‍ ഇങ്ങനെസംഭവിച്ചുകൂടാത്തതാണ്. ഹൃദയപൂര്‍വം താങ്കളുടെ ഒരു അഭ്യുദയകാംക്ഷി.''ഒരു പ്രത്യേക കവിയുടെ/ ലേഖകന്റെ സൃഷ്ടി പ്രത്യക്ഷപ്പെടുന്നതിന്റെ പിറ്റേ ദിവസം കണ്ണൂരിന്റെ തപാല്‍മുദ്ര പതിച്ച കവറില്‍ ഒരുപത്രാധിപര്‍ക്ക് പതിവായി കിട്ടിക്കൊണ്ടിരുന്ന കൈയക്ഷരത്തില്‍ മാറ്റമില്ലാത്ത ഹൃദയത്തില്‍ തട്ടിയ ഒരുകത്തിന്റെ സാംപിളാണിത്. കുറേക്കാലത്തെ അന്വേഷണത്തിനുശേഷം അഭ്യുദയകാംക്ഷിയെ കണ്ടെത്തി. അതേസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉത്തരവാദിത്തപ്പെട്ട ഒരാള്‍. പക്ഷേ, തെളിവുകള്‍ ഇല്ലായിരുന്നു. കൈയക്ഷരംകണ്ടുപോലും ആളെക്കണ്ടുപിടിക്കാനാവില്ല. അല്ലെങ്കിലും ഊമക്കത്തയക്കുന്നവര്‍ സ്വന്തം കൈപ്പടയില്‍അതെഴുതാറില്ലല്ലോ. മറ്റാരെയെങ്കിലും ഇക്കാര്യത്തില്‍ നമ്പിയാല്‍ അങ്ങാടിയില്‍ അത് പാട്ടാകും എന്ന്ഭയക്കുന്നവര്‍ അതിനും ശ്രമിക്കാറില്ല. തന്റേതല്ലെന്ന് തോന്നിക്കുന്ന രണ്ടാം നമ്പര്‍ കൈയക്ഷരത്തില്‍ അതങ്ങ്കാച്ചും. ഇവിടെയാണ് ചില വിദ്വാന്മാര്‍ കുടുങ്ങുന്നത്. എത്ര മറച്ചാലും വിട്ടുപോകാത്ത ചില കൈയടയാളങ്ങള്‍എഴുത്തിന്റെ ചില പ്രത്യേക കോണുകളില്‍നിന്ന് അതാരെന്ന് കൃത്യമായി വിളിച്ചു പറയും. അങ്ങനെപെട്ടുപോയവരില്‍ ഒരാളാണ് നടേ പറഞ്ഞ സംപിളിന്റെ ഉടമ.തന്തയും തള്ളയും ഇല്ലാത്ത ഇത്തരം കുറിമാനങ്ങള്‍അപാരമായ സത്യമാണ് എന്ന് വിശ്വസിച്ച് 'പണി കിട്ടിയ' പാവങ്ങളും നിരവധിയുണ്ട്. ഒറ്റ നോട്ടത്തില്‍ഒരന്വേഷണം നടത്തിയപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന ഒരുപാടുപേര്‍ക്ക് ദിവസവും 'പിതൃശൂന്യമായ' (കടപ്പാട് എം.സ്വരാജിന്) കത്തുകള്‍ പതിവാണെന്നാണ്. സാഹിത്യകാരന്മാരെയാണ് ഒളിയാക്രമണം ഏറ്റവുംകൂടുതല്‍ ബാധിക്കുന്നതത്രെ. അല്ലെങ്കിലും രാഷ്ട്രീയക്കാരെക്കാള്‍ പാരകള്‍ ഏറ്റവും കൂടുതല്‍ സാഹിത്യ സാംസ്കാരികര്‍ക്കിടയിലാണല്ലോ കൂടുതല്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയിലേ ശത്രുതയുള്ളു; അവരുടെനേതാക്കന്മാര്‍ക്കിടയില്‍ അതില്ല. പാര്‍ട്ടി പലതായാലും അവര്‍ ഐക്യമുന്നണിയാണ്. അഴിമതി കേസുകളെല്ലാംഇതിനുദാഹരണം. പല മുന്നണികളില്‍നിന്ന് 'ഗ്വാ ഗ്വാ' വിളിക്കുന്നവര്‍ സമയം കിട്ടുമ്പോള്‍ ചങ്ങാത്തത്തിന്റെകെട്ടഴിക്കും. അതേസമയം, സ്വന്തം പാര്‍ട്ടിയിലെ മറ്റൊരു നേതാവിനിട്ട് പാരപണിയാന്‍ മിടുക്കരുമായിരിക്കും. പിണറായി വിജയനും അച്യുതാനന്ദനും നേരില്‍ കണ്ടാല്‍ മിണ്ടാതായിട്ട് കാലമെത്രയായി. അങ്ങനെയാണോപിണറായി വിജയനും രമേശ് ചെന്നിത്തലയും തമ്മില്‍. രണ്ടിലൊരാള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കും. ഉറപ്പ്. ചിലപ്പോള്‍ പിണറായി രമേശുമാര്‍ക്കെതിരെ അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിമാര്‍ ഒരു മുന്നണി ഉണ്ടാക്കാനുംമതി. സാഹിത്യത്തില്‍ അത് നടപ്പില്ല. അവിടെ പരസ്പരം കണ്ടുപോയാല്‍ പിന്നെ 'കീരിയും പാമ്പും' പോലെയാണ്. (പുതുമ വേണമെന്നുള്ളവര്‍ക്ക് മുന തേഞ്ഞുപോയ പഴമൊഴിക്ക് പകരം വി.എസുംപിണറായിയും എന്ന് വേണമെങ്കിലും വായിക്കാം) തമ്മില്‍ കണ്ടാല്‍ അപ്പോള്‍ തുടങ്ങും ഏറ്റുമുട്ടല്‍.ഏറ്റവുംകൂടുതല്‍ ഊമക്കത്തുകള്‍ പതിവായി കിട്ടുന്നത് കേരളത്തില്‍ ഒരുപക്ഷേ രണ്ടുപേര്‍ക്കായിരിക്കണം. ഒന്ന് സാക്ഷാല്‍സുകുമാര്‍ അഴീക്കോട്. മറ്റൊന്ന് വി.എസ്. അച്യുതാനന്ദന്‍തന്നെ. അച്യുതാനന്ദനെ തട്ടിക്കളയുമെന്നോ ബോംബ്വെക്കുമെന്നോ പറയുമ്പോള്‍ മാത്രമായിരിക്കും അതന്വേഷിച്ച് പോലിസ് ഇറങ്ങിപ്പുറപ്പെടുക. അഴീക്കോടിന്റെകാര്യം അതല്ല; തെറിയഭിഷേകം ചെയ്താണ് അദ്ദേഹത്തെ പോലുള്ളവര്‍ക്ക് കത്തുകള്‍ കിട്ടുക.തെറിക്കത്ത്എഴുതുന്ന കാര്യത്തില്‍ മലയാളികള്‍തന്നെ ലോകത്തിലെ നമ്പര്‍ വണ്‍. സംശയമുണ്ടെങ്കില്‍ തീവണ്ടികളിലെമുത്രപ്പുരകളുടെ ചുവരില്‍ എഴുതിവെച്ചിരിക്കുന്ന വിശ്വസാഹിത്യം നോക്കൂ. ഹൌെറയില്‍നിന്ന് പുറപ്പെടുന്നപാസഞ്ചര്‍ ട്രെയിനിന്റെ മൂത്രപ്പുരയിലും തനിമലയാളത്തില്‍ ഇങ്ങനെ എഴുതിവെച്ചിട്ടുള്ളതായി ഒരു സുഹൃത്ത്പറഞ്ഞതോര്‍ക്കുന്നു. അപ്പോഴാണത്രെ മറുനാടന്‍ മലയാളി 'തനിമലയാളി' ആകുന്നതെന്നും അവന്‍ പറഞ്ഞു.ആരുംകാണില്ലെന്ന് ഉറപ്പുള്ള മൂത്രപ്പുരയില്‍ മാന്യതയുടെ സിപ് ഊരി ഇങ്ങനെ നഗ്നത വെളിവാക്കുന്നവരില്‍അങ്ങേയറ്റത്തെ മാന്യന്മാരും വിദ്യാസമ്പന്നരും ഉണ്ടെന്നാണ് മനഃശാസ്ത്രകാരന്മാര്‍ പറയുന്നത്. തെറിവീരന്മാരുടെ പരാക്രമത്തിന് കാരണമായി അവര്‍ക്ക് പലതും പറയാനുമുണ്ട് .മാധവിക്കുട്ടി മരിച്ചപ്പോള്‍അവരെ ഓര്‍ത്ത് ഒത്തിരി കണ്ണീരണിഞ്ഞ വാക്കുകള്‍ പറഞ്ഞവരാണ് മലയാളികള്‍. പക്ഷേ, അവര്‍ എങ്ങനെകൊച്ചിവിട്ട് പൂനെയിലേക്ക് പോയി എന്നും ഓര്‍ക്കണം. പതിവ് തെറ്റാതെ തെറിക്കത്തുകള്‍ എഴുതിയായിരുന്നുഅവരെ മലയാളികള്‍ കെട്ടുകെട്ടിച്ചതെന്ന് ലീലാ മേനോന്‍ പറഞ്ഞതോര്‍ക്കുക. അതിന് പുറമേ തെറിയഭിഷേകംചെയ്ത ഫോണ്‍വിളികളും.ഇരുട്ടടിനേര്‍ക്കുനേരെനിന്ന് കാര്യങ്ങള്‍ പറയാന്‍ ധൈര്യമില്ലാത്തവന്റെ തന്ത്രമാണ്ഊമക്കത്തുകള്‍ എന്ന് ഭൂരിഭാഗം മനഃശാസ്ത്രകാരന്മാരും പറയുന്നു. ധൈര്യമുണ്ടെങ്കില്‍ നേരിട്ടു പറയില്ലേ; അതില്ലാഞ്ഞിട്ടല്ലേ ഒളിവെടി. അസൂയയില്‍നിന്ന് ഊമക്കത്തുകള്‍ ജനിക്കുന്നതായി അവര്‍ പറയുന്നുണ്ട്.കൂടെജോലി ചെയ്യുന്നവന്‍ അത് നല്ല വെടിപ്പായി ചെയ്യുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ചിലര്‍ക്ക് കലിപ്പിളകും. വൈകുന്നേരംവരെ തോളില്‍ കൈയിട്ട് നടന്ന അവന്റെ പേരില്‍ രാത്രി ഉറക്കിളച്ചിരുന്ന്ഊമക്കത്തെഴുതും. എന്നിട്ട് വെളുപ്പിനത്തെ ബസ്സില്‍ അടുത്ത പഞ്ചായത്തിലോ അല്ലെങ്കില്‍ ജില്ലാ പരിധിക്കുപുറത്തോ പോയി ഒരു അഭ്യുദയകാംക്ഷിയായി മേലധികാരിക്ക് നുണയും കുത്തുംവെച്ച് കത്ത് പോസ്റ് ചെയ്യും. നോക്കണേ ഒരു ശുഷ്കാന്തി. നാട്ടിലെ സുന്ദരിയായ പെണ്ണിനെ പ്രേമിച്ച് നടക്കാതെ പോകുമ്പോള്‍ അവള്‍ക്ക് വരുന്നകല്യാണാലോചനകള്‍ മുടക്കുന്നവര്‍ പഴയ സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. പഴയകാലത്തെ ഇത്തരം കല്യാണം മുടക്കലുകള്‍ ഇപ്പോള്‍ അത്ര വ്യാപകമല്ല. പകരം മൊബൈല്‍ ഫോണിന്റെ കാലത്തെസാധ്യതകള്‍ അവര്‍ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍, കല്യാണംമുടക്കികള്‍പോലും സാങ്കേതിക പുരോഗതിനേടിയിട്ടും ഇക്കാര്യത്തില്‍ ശിശുസഹജമായ ഭാവം വിടാത്തവര്‍ വിദ്യാസമ്പന്നരായവരാണ്. ഒരേ സ്ഥാപനത്തില്‍ജോലി ചെയ്യുന്നവര്‍. ഒരേ സ്ഥാനത്തിരിക്കുന്നവര്‍. അങ്ങനെയങ്ങനെ....ഇതില്‍ കുട്ടികളില്‍ നേരും നെറിയുംപറഞ്ഞുകൊടുക്കുന്ന അധ്യാപകരും രാഗങ്ങള്‍ക്ക് പ്രതി ശമനം കൊടുക്കുന്ന ഡോക്ടര്‍മാരും നെറികേടുകള്‍തലനാരിഴകീറി പുറത്തിടുന്ന പത്രക്കാരും പോലിസുകാരും അഭിഭാഷകരും എല്ലാവരും ബഹുമാനിക്കുന്നസാഹിത്യ സാംസ്കാരിക നായകന്മാര്‍വരെയുണ്ട്. ചിലര്‍ ഊമക്കത്തിന്റെ കാര്യത്തിലും സാങ്കേതിക പുരോഗതിനേടിയിട്ടുണ്ട്. കൈകൊണ്ട് എഴുതിയാലല്ലേ കണ്ടു പിടിക്കുള്ളു. അത് യന്ത്രത്തെ ഏല്‍പ്പിച്ചാലോ? ആരാണെന്ന്കണ്ടുപിടിക്കണമെങ്കില്‍ ചിലചില്ലറ പരിപാടികള്‍കൊണ്ടൊന്നും പണി പറ്റില്ല. പക്ഷേ, കളി കാര്യമായാല്‍ചിലപ്പോള്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍നിന്ന് കള്ളനെ പിടികിട്ടും. അത് 'സാങ്കേതിക വിദഗ്ദന്മാര്‍ക്ക്' അറിയില്ല. ഭീരുത്ത്വത്തെക്കാള്‍ മനസ്സില്‍ അപാരമായ വിഷവും പേറി നടക്കുന്നവരാണ് ഊമക്കത്തുകള്‍വിക്ഷേപിക്കുന്നതില്‍ മുമ്പന്മാര്‍. താനല്ലാത്ത എല്ലാത്തിനോടും പുച്ഛവും അസൂയയും പുലര്‍ത്തുന്നവര്‍. അല്ലെങ്കില്‍അതുവരെ ഒപ്പം ചിരിച്ചുല്ലസിച്ച് തോളില്‍ കൈയിട്ട് നടന്നവനെതിരെ ഇങ്ങനെ ഒരു ഇരുട്ടടി പ്രയോഗംനടത്തുന്നതെങ്ങനെ.ഗറില്ലാ യുദ്ധംശത്രു പ്രബലനായിരിക്കുമ്പോള്‍ ഗറില്ലാ ആക്രമണരീതി സ്വീകരിക്കുന്നത്പഴയൊരു യുദ്ധതന്ത്രമാണ്. ലോകത്തെവിടെയും ശക്തനെതിരില്‍ ദുര്‍ബലന്റെ ആയുധം. നാട്ടിലെഅഴിമതിക്കെതിരെ ഉയര്‍ന്ന തലത്തില്‍ വ്യാജമായ പേരില്‍ ചിലര്‍ കത്തുകള്‍ പരാതിയായി അയക്കാറുണ്ട്. അത്ഒരു യുദ്ധമുറയായി വേണമെങ്കില്‍ കാണാം. നേര്‍ക്കുനേരെ ഏറ്റുമുട്ടിയാല്‍ വന്നുകയറാവുന്നദുരിതത്തെക്കുറിച്ചുള്ള വീണ്ടുവിചാരം ഒരു കത്തില്‍ മറഞ്ഞിരിക്കാന്‍ ഇക്കൂട്ടരെ പ്രേരിപ്പിച്ചേക്കാം. പത്രത്തില്‍വ്യാജപേരില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ തോന്ന്യാസങ്ങളെക്കുറിച്ച് പതിവായി കത്തെഴുതുന്ന ഒരാളെ അറിയാം. അയാള്‍ മിക്കപ്പോഴും എഴുതുന്നത് അയാളുടെ ഓഫീസിലെ അഴിമതിക്കെതിരെ ആയിരുന്നു. അതില്‍കൂട്ടുനില്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ടും എതിര്‍ചേരി ശക്തമായതുകൊണ്ടും പ്രതികരിക്കാന്‍ കണ്ടെത്തിയ ഒരുലഘു തന്ത്രം. അതിന്റെ പിന്നിലെ ഉദ്ദേശ്യ ശുദ്ധിയെ മാനിച്ച് ഒളിയാക്രമണത്തെ അംഗീകരിക്കാം. പക്ഷേ, അത്തരമൊരു ലക്ഷ്യവും ഇല്ലാതെ കൂട്ടുകാരനിട്ട് പാരപണിയാനായി മാത്രം എഴുത്തുകുത്തിന് പുറപ്പെടുന്നവനെഎങ്ങനെ അംഗീകരിക്കും? അവനെ എന്ത് പേരിട്ട് വിളിക്കും? (2009 ജൂലൈ അഞ്ചിന് വാരാദ്യ മാധ്യമത്തില്‍പ്രസിദ്ധീകരിച്ചത്)
'

No comments: