കാലമാം ഇലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചൂ....


വര്‍ഷങ്ങള്‍ക്കുശേഷം വഴിയരികിലെ പെട്ടിപ്പീടികകളില്‍ മടങ്ങിയെത്തിയ റേഡിയോക്ക് പഴയ മര്‍ഫിയുടെവീഞ്ഞപ്പെട്ടി പോലെയുള്ള എടുത്താല്‍ പൊങ്ങാത്ത റേഡിയോയുടെ ഗാംഭീര്യമൊന്നുമില്ലായിരുന്നു. ആകാശവാണിയുടെ ഉച്ചവാര്‍ത്ത കേള്‍ക്കാന്‍ രാവിലെതന്നെ ഓണ്‍ ചെയ്ത് ചൂടു പിടിപ്പിക്കേണ്ട വാല്‍വിന്റെആ പഴംപാട്ടുപെട്ടിക്ക് പകരം ഡിജിറ്റല്‍ വ്യക്തതയുള്ള ഇത്തിരി കുഞ്ഞന്‍ എഫ്.എം റേഡിയോ. അതിന്റെവിദൂരമായ എതോ കോണിലിരുന്നു പുത്തന്‍കാലത്തിന്റെ ഭാവഭേദങ്ങള്‍ ഓര്‍മയില്ലാതെ വി.ടി. മുരളി പാടുന്നതുകേട്ടു. തിരൂരങ്ങാടി പ്രസില്‍നിന്നിറങ്ങിവന്ന ചുവന്നും കറുത്തും ചരിവുള്ള അലിഫും ബാഉം അക്ഷരങ്ങള്‍ നിരന്നചെറിയ പുസ്തകങ്ങളും കറുത്ത റബറിട്ട കല്ല് സ്ലേറ്റുമായി 'ഓത്തുപള്ളീലന്ന് നമ്മള് പോയിരുന്നകാല'ത്തെക്കുറിച്ച്. ആ പാട്ടിളക്കിവിടുന്ന ഓളങ്ങളോ അതിന്റെ ആഴമോ കണ്ണീര്‍ വാര്‍ത്തുനില്‍ക്കുന്നമേഘത്തിന്റെ നീലയെക്കുറിച്ചോ അറിയാതെ, അതെഴുതിയ കവിയെ കുറിച്ചോ പാടിയ ഗായകനെക്കുറിച്ചോഒന്നുമറിയാതെ മലയാളം പോലും നേരാംവണ്ണമറിയാതെ ഒരു റേഡിയോ ജോക്കി കൂടുതുറന്നു വിട്ട ആ പാട്ടില്‍എല്ലാമുണ്ടായിരുന്നു.പി.ടി. അബ്ദുറഹ്മാന്റെ വേദന കിനിഞ്ഞ വരികളില്‍ വി.ടി. മുരളി എന്ന ആഒറ്റപ്പാട്ടുകാരന്‍' രാഘവന്‍ മാഷിന്റെ വിരലൊച്ചകള്‍ക്കൊപ്പം പാടിത്തുറന്ന വന്‍കരകള്‍ മനസ്സില്‍തെളിഞ്ഞുവരുന്നു.കോന്തലക്കല്‍ കെട്ടിയ നെല്ലിക്കയുമായി വഴിയരികില്‍ കാത്തുനിന്ന ആ 'ഒരാള്‍' വക്കടര്‍ന്ന ഒരുബ്ലാക്ക് ആന്റ് വൈറ്റ് ചിത്രംപോലെ എവിടെയോ കിനിഞ്ഞു നില്‍പുണ്ട്. ഉസ്താദിന്റെ ചൂരല്‍ നിഴല്‍പ്പാടില്‍പതുങ്ങി ഓത്തു പള്ളിക്കൂടങ്ങളിലേക്കു പോയ കൂട്ടുകാരനിലൊരാള്‍ ഒത്തിരി കാലത്തിനുശേഷം കണ്ടപ്പോള്‍ഇന്നാളുകൂടി പറഞ്ഞു ഈ കിനിയലിനെപ്പറ്റി. അവനും കരുതിവെച്ചിരുന്നു പാഠപുസ്തകത്തില്‍മയില്‍പ്പീലിത്തണ്ട്. മാനം കാണാതെ മനസ്സുമാത്രം കാണിച്ച്, വിരിഞ്ഞോ എന്ന ആകാംക്ഷയില്‍ കണ്ണുണര്‍ന്നുവന്നപുലര്‍കാലങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ 'അങ്ങനെയൊക്കെയുണ്ടാകുമോ' എന്ന യുക്തിവാദമുന്നയിച്ചുകുഞ്ഞിമോന്‍. അവനറിയില്ലല്ലോ മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയമായാമയൂരങ്ങളെക്കുറിച്ച്.ഓത്തുപള്ളിയിലേക്കുള്ളതിനെക്കാള്‍ ആവേശമായിരുന്നു പള്ളിക്കൂടത്തിലേക്ക്പോകാന്‍. അവിടെ കളിക്കാനും ഓടാനും ചാടാനും വെള്ളത്തില്‍ കളിക്കാനും ഒത്തിരിയൊത്തിരിസ്വാതന്ത്യ്രങ്ങളുണ്ടായിരുന്നു. അവിടേക്കുള്ള വഴിയിലെ മാവില്‍നിന്ന് എറിഞ്ഞുവീഴ്ത്തുന്ന മാങ്ങയുടെപുളിപ്പറിയാതിരിക്കാന്‍ വഴിവക്കത്തെ പലചരക്കു കടയുടെ കോണില്‍ ചാരിവെച്ച ചാക്കില്‍നിന്ന് ഒരുപിടി ഉപ്പ്എല്ലാവരും കരുതിയിട്ടുണ്ടാവും. ഓര്‍മകള്‍ ഓര്‍ത്തുവെക്കുമ്പോള്‍ ഇടയിലെവിടെയോ വെച്ച് കണ്ണീരിന് കനംകൂടുന്നു. കാടിന്റെ പച്ചപ്പില്‍ കൂടും കുരുവികളും കോളാമ്പിപ്പൂക്കളും തേടിനടന്ന ആ കൂട്ടുകെട്ട് എവിടെവെച്ചാണ് മുറിഞ്ഞു വീണത്? ഏത് വാക്കിന്റെ പാരുഷ്യത്തിലാണ് തുഴ മുറിഞ്ഞ തോണിയാത്രപോലെ ഒറ്റക്കായിപോയത്? മങ്ങിയ കണ്ണാടി തുടച്ചു മിനുക്കി അപ്പോഴും വി.ടി. മുരളി പാടിക്കൊണ്ടേയിരുന്നു....''കാലമാംഇലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചുകാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ച്നീയൊരുത്തി ഞാനൊരുത്തന്‍നമ്മള്‍ തന്നിടക്ക്വേലികെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ കരുത്ത്...ജീവിതമെന്നത് എവിടെയോ എഴുതി കടുംചായംതേച്ചുവെച്ച ചിത്രകഥയല്ലെന്ന തിരിച്ചറിവിന് പതിവിലേറെ കാലത്തിന്റെ വൈകലുണ്ടായിരുന്നു. എല്ലാംതിരിഞ്ഞുവന്നപ്പോള്‍ കൈവിട്ടുപോയ കാലത്തെക്കുറിച്ച് ആരുമറിയാത്തൊരു മുറിവ് സൂക്ഷിക്കാത്ത ആരുണ്ട്ഈ ദുനിയാവില്..?ആ മുറിവിലാണ് പി.ടി.അബ്ദുറഹ്മാനും വി.ടി. മുരളിയും രാഘവന്‍ മാഷുംതൊട്ടോര്‍മപ്പെടുത്തുന്നത്.'എന്റെ കണ്ണുനീര് തീര്‍ത്ത കായലിലിഴഞ്ഞ്എന്റെ കളിത്തോണി നീങ്ങി എങ്ങുപോയ്മറഞ്ഞ്?...'അടുത്ത പാട്ടിന് അണിഞ്ഞുണര്‍ന്നു ജോക്കി വരുമ്പോള്‍ പുതിയ എഫ്.എം റേഡിയോ പൊഴിച്ചകാലത്തിന്റെ ഇലഞ്ഞിപ്പൂക്കളില്‍നിന്ന് പിന്നെയും കറങ്ങിത്തിരിഞ്ഞ് ഒത്തിരിയൊത്തിരി മണമുയരുന്നു..... '

No comments: