നാട്ടിലേക്ക് ഒന്നു പോകുന്നു....

മൊബൈലിന് റേഞ്ചും ഇന്റര്‍നെറ്റ് കണക്ഷനും ബ്ലുടൂത്തും ചിലപ്പോഴൊക്കെ കരണ്ടും ഇല്ലാത്ത എന്റെ നാട്ടിലേക്ക്. അവിടെ കടലുണ്ട്. പുഴയുണ്ട്. അതിനു രണ്ടിനുമിടയില്‍ കല്ലുകൊത്താം കളി നടത്തുന്ന ഇത്തിരിയിടം പോലെ, ഭൂമിയുടെ വാലുപോലെ ഒരിടം. കടല്‍ അലറിവിളിക്കും. കരയിലേക്ക് കയറിവന്ന് വായ പിളര്‍ത്തും. കരയും തെങ്ങും വീടുകളും പിഴുതെടുത്ത് തിരിച്ചുപോകും. പിന്നെ ശാന്തമാകും. കോപിച്ച് കയറിയിറങ്ങിയതിന് പകരമായി മത്തിയും അയലയും ചെമ്മീനും വാരിക്കോരിത്തരും. ചാകരയെന്ന് ഞങ്ങള്‍ ഓമനപേരിട്ട് വിളിക്കും. കരയിലുല്‍സവ നാളാകും. കടകളിലെല്ലാം കച്ചവടം പൊടിപൂരമാകും.എല്ലാവര്‍ക്കും കൈനിറയെ കിട്ടുന്ന ചാകരയാണ് സോഷ്യലിസം എന്നാല്‍ എന്തെന്ന് ആദ്യമായും അവസാനമായും ഞങ്ങളെ പഠിപ്പിച്ചത്. ആ സമൃദ്ധി പിന്നെ ഞങ്ങള്‍ എവിടെയും കണ്ടിട്ടില്ല. എല്ലാ വീട്ടിലും അന്നം നിറയുന്ന കാലം.അപ്പുറത്ത് പുഴയുണ്ട്. കലക്കവെള്ളത്തില്‍ കുത്തിയൊലിച്ച് പാഞ്ഞുവരുന്ന ചുവന്നു കലങ്ങിയ പുഴ. മഴ പെയ്യുമ്പോള്‍ പുഴയില്‍ മുങ്ങിക്കിടന്നിട്ടുണ്ടോ? എത്രയെത്ര മഴക്കാലങ്ങളില്‍ ഞങ്ങള്‍ പള്ളിക്കുടങ്ങള്‍ മറന്ന് ആ വെള്ളക്കുത്തില്‍ മുങ്ങിത്തിമിര്‍ത്തിരുന്നു. പാഞ്ഞൊഴുകുന്ന പുഴവെള്ളത്തില്‍ ഞങ്ങള്‍ നീട്ടിയെറിഞ്ഞ ചൂണ്ടയില്‍ കൊരുത്ത മീനുകള്‍ എത്രയെത്രയായിരുന്നു. എത്ര കുത്തൊഴുക്കിലും കൈയോ കാലോ കുഴയാതെ തണുത്ത വെള്ളത്തില്‍ വിറക്കാതെ പുഴയ്ക്കക്കരെയിക്കരെ നീന്തിയണഞ്ഞിരുന്നു. ഇപ്പോള്‍ അതിനുള്ള ശേഷി നഗരവല്‍കരിക്കപ്പെട്ട ഈ ശരീരത്തിനുണ്ടോ ആവോ?പാമ്പുകള്‍ പുളയുന്നതുപോലെ നീര്‍ച്ചാലുകള്‍ ഇഴഞ്ഞോടുന്ന ഇടവഴിയിലൂടെ തലക്കുമുകളില്‍ കുടയുടെ ആഡംബരമില്ലാതെ നടക്കണം. കാലില്‍ ചെരിപ്പില്ലാതെ.സൈക്കിളില്‍ മഴയെ പേടിക്കാതെ സാവധാനത്തില്‍ ചവിട്ടി അങ്ങനെ പോകണം.മഴയത്തിറങ്ങി നടന്നതിന് ''പനി പിടിക്കും കേറിപ്പോടാ...'' എന്ന് കോപിച്ച് പറയാന്‍ ബാപ്പയില്ലല്ലോ എന്ന സങ്കടം ബാക്കിയാവുന്നു. ഒരു പാതിരാമഴക്കൂത്തിനിടയില്‍ തട്ടിയുണര്‍ത്തി ''എഴുന്നേല്‍ക്കെടാ... ചാകര വന്നു'' എന്ന് ബാപ്പ വന്നിനി പറയില്ലല്ലോ. ടോര്‍ച്ചെടുത്ത് കുടപിടിച്ച് പടിഞ്ഞാറോട്ടോടി നോക്കുമ്പോള്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ അടങ്ങിയൊതുങ്ങിക്കിടക്കുന്ന കടലിനെ ഇനി ആരാണ് കാണിച്ചു തരിക?ഉമ്മയുടെ തോരാത്ത കണ്ണീരായി വീട്ടില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന പള്ളിക്കാട്ടിലെ വെളുത്ത മണ്‍കൂനക്കടിയില്‍ ബാപ്പ ഇപ്പോള്‍ ഉറങ്ങുകയാകുമോ?
ഏതു തണുപ്പിലും പുതക്കാതെ ഉറങ്ങിയിരുന്ന ബാപ്പ ഈ നേരംതെറ്റി പെയ്യുന്ന മഴയില്‍ തണുത്തു വിറക്കുകയായിരിക്കുമോ?തൊട്ടപ്പുറത്ത് ബാപ്പക്കൊപ്പം കൂട്ടിന് കൊച്ചാപ്പ (എളാപ്പ) എത്തിയിട്ട് അധികമായിട്ടില്ല. ഇപ്പോള്‍ കൊച്ചുമ്മയുടെ കണ്ണിലും മഴ തോരുന്നില്ല.പുഴയില്‍ മുങ്ങിക്കിടന്ന് മഴയുടെ താളവര്‍ഷം കേള്‍ക്കണം. ഉമ്മയും ബാപ്പയും മുങ്ങിനിവര്‍ന്ന പുഴ.പുഴയില്‍ ഒഴുകിവരുന്ന മരക്കഷണങ്ങളും വാഴയും നീന്തിപ്പിടിക്കണം...എന്റെ രണ്ടര വയസ്സുകാരി മോളെ പുഴയില്‍ നീന്താന്‍ പഠിപ്പിക്കണം. ജീവിതത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള ആദ്യ പാഠം പഠിപ്പിച്ചു കൊടുക്കണം. മഴയില്‍ നനഞ്ഞുകിടക്കുന്ന എന്റെ വീട്ടിലേക്കുള്ള വഴിയില്‍ഇപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ നാട്ടിലെത്തിയിട്ടുണ്ട്; ഗള്‍ഫില്‍നിന്ന്.കുടവയറും പത്രാസുമായി...അവരൊത്ത് പാതിരാത്രിവരെ പീടികത്തിണ്ണയില്‍ വര്‍ത്താനം പറഞ്ഞിരിക്കണം.കഴിഞ്ഞ കാലത്തേക്ക്, പൊട്ടിപ്പോയ പ്രണയ കഥകളിലേക്ക്.അതിനൊക്കെ അവരെ ഭാര്യമാര്‍ അനുവദിക്കുമോ ആവോ...അവര്‍ക്കാര്‍ക്കും എന്നെപ്പോലെ പിരാന്തുണ്ടാവുമോ...?അതിനൊക്കെ അവരുടെ ഭാര്യമാര്‍ അനുവദിക്കുമോ ആവോ...?പോയിട്ട് വരാം. വന്നിട്ട് ബാക്കി പറയാം....

No comments: