വരൂ ഈ നീള്‍പ്പരപ്പിലേക്ക്


ഇനി നേരം ഏറെയൊന്നുമില്ല. പൊട്ടുപോലെ ചില അനക്കങ്ങള്‍ മാത്രം കാണാവുന്ന അങ്ങേത്തലക്കല്‍നിന്ന് നെടുകെ പിടിച്ചു കിടക്കുന്ന നാല് ചാലുകളിലൂടെ അവര്‍ കടന്നുവരും. ഇപ്പോള്‍ പൂരപ്പുറപ്പാടിന് മുമ്പ് മസ്തകത്തില്‍ തിടമ്പെടുത്ത് ഓര്‍മകള്‍ ചവച്ച് ചെവിയാട്ടി നില്‍ക്കുന്ന ആനകളുടെ അലസമായ ഭാവം. പൊരുത്തം തികഞ്ഞ ആഞ്ഞിലി മരത്തില്‍ കടഞ്ഞെടുത്ത ദേഹവടിവില്‍ 1400 മീറ്റര്‍ അകലെനിന്ന് പാഞ്ഞടുക്കാന്‍ ആവേശത്തോടെ അവര്‍ കാത്തുകിടക്കുന്നുണ്ട്. ഇനിയൊരു കല്‍പ്പനയുടെ ദൂരം മാത്രം. അതൊന്ന് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒരു കുതിപ്പ്. ''ആര്‍പ്പോ.... ഹോയ്....ഇര്‍റോ..... ഇര്‍റോ....ഇര്‍റോ.....''വിക്ഷേപണത്തറയില്‍നിന്ന് പറന്നുകയറുന്ന റോക്കറ്റിന്റെ ഗതിവേഗം. കായലിന്റെ കറുത്തുമറിഞ്ഞ നെഞ്ചകം പിളര്‍ത്തി 16 വള്ളത്തമ്പുരാക്കന്മാര്‍ ഇരച്ചുകയറിവരും. ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പിന്റെ ഒടുവിലത്തെ നേരം. കഴിഞ്ഞതവണത്തെ തോല്‍വിയുടെ പക വീട്ടാന്‍ ഇക്കുറി കരുതിവെച്ച കരുത്തെല്ലാം പുറത്തെടുക്കുന്ന നേരം. പേശികള്‍ ഉരുണ്ടുമറിയും. ആവേശത്തള്ളിച്ചയില്‍ മാനത്തുനിന്ന് പൊട്ടിവീഴുന്ന മഴമുത്തുകള്‍ തുഴക്കാരന്റെ ദേഹത്തുതട്ടി ചിതറുന്ന കാഴ്ച വരവായി.അങ്ങകലെ ഫിനിഷിംഗ് പോയന്റില്‍ കണ്ണാടിക്കൂട്ടില്‍ വെള്ളിയില്‍ തീര്‍ത്തുവെച്ച കപ്പില്‍ നീട്ടിത്തൊടുന്നതാരായിരിക്കും ഇക്കുറി?അപ്പുറവും ഇപ്പുറവും കാത്തുകെട്ടി കിടക്കുന്ന ആണും പെണ്ണും കാലപ്രായ വ്യത്യാസമില്ലാതെ ആവേശത്തിന്റെ തിരപ്പാച്ചിലിലാണ്. ഓളങ്ങള്‍ ഇപ്പോള്‍ മനസ്സിനകത്ത്. തുഴ പായുന്നത് നെഞ്ചകത്ത്. ഹൃദയമിടിപ്പിന്റെ വേഗത്തിന് വഞ്ചിപ്പാട്ടിന്റെ താളം. ഉഛ്വാസത്തിന് രാമപുരത്ത് വാര്യരുടെ ഈണം.എത്രയെത്ര തുഴയേറുല്‍സവങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഇനിയെത്രയെണ്ണം വരാനിരിക്കുന്നു. കുട്ടനാട്ടുകാരന്റെ തുഴപ്പാടുകള്‍ ഇപ്പോള്‍ ലോകഭൂപടത്തില്‍ കറങ്ങിത്തിരിയുന്ന ആവേശച്ചുഴിയായി... ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചക്കായി കാത്തിരിക്കുന്നത് അമ്പലപ്പുഴയും ആലപ്പുഴയും കൈനകരിയും മിത്രക്കരിയും രാമങ്കരിയും കവാലവും പുളിങ്കുന്നും തായങ്കരിയും മാമ്പുഴക്കരിയും മാത്രമല്ല; ഇപ്പോള്‍ ലോകം മുഴുവനുമല്ലേ...കരയില്‍ കെട്ടിപ്പൊക്കിയ പവിലിയനില്‍ വി.ഐ.പികളും അല്ലാത്തവരും തിങ്ങിനിറഞ്ഞിരിപ്പുണ്ട്. മല്‍സരം തുടങ്ങാത്തതിന്റെ അസ്വാസ്ഥ്യങ്ങളില്‍ അവര്‍ വീര്‍പ്പുമുട്ടുമ്പോള്‍... മാനം പൊട്ടി മഴ വീഴുമോ എന്ന ആശങ്കയില്‍ മേഘങ്ങള്‍ മനസ്സിലേക്കും കൂടുകെട്ടുമ്പോള്‍.. മല്‍സരം വൈകണേയെന്ന് പ്രാര്‍ഥിക്കുന്ന ഒരു കൂട്ടരുണ്ട്...അതികാലത്ത്മുതല്‍ ചെറു വള്ളങ്ങളിലും ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലും പാട്ടും മേളവുമായി ഒഴുകിയെത്തിയവര്‍. അവര്‍ ഇവിടെ ഒഴുകി നടക്കുന്നു. മല്‍സരങ്ങള്‍ എത്രയും വൈകിയെങ്കിലെന്നാവും അവരുടെ ഉള്ളിലെ ആഹ്ലാദം. അത്രയും നേരം ചുറ്റിയടിക്കാമല്ലോ...ഇടക്ക് കരയോട് ചേര്‍ത്ത് വള്ളം മുക്കി... വീണ്ടും പൊക്കി... പിന്നെയും മുക്കി... അങ്ങനെ എത്രയെത്ര മുക്കിയാലും മതിവരാതെ....ട്രാക്കൊഴിയാനുള്ള നിര്‍ദേശങ്ങളെ കേട്ടപാതി നടിക്കാതെ... പോലിസിന്റെ മുള വീശലിനും വിരട്ടലിനും പോലും വഴങ്ങാതെ... പുറത്തും ഉള്ളിലും വീര്യവുമായി...നാട്ടുവഴികളും രാജപാതകളും തുഴച്ചാലുകളുമെല്ലാം കാലുകള്‍ നീട്ടിവെച്ചത് ഈയൊരു വഴിയിലേക്ക്... പവിലിയനിലേക്ക് കടക്കാനാവാതെ പാഴായി പോയ വിലയേറിയ പാസുകളുമായി ഇപ്പോള്‍ പുറത്ത് പോലിസിനോടും സംഘാടകരോടും കയര്‍ക്കുകയാവും നൂറുകണക്കിനുപേര്‍....പണ്ട്....കായലിന്റെ ആത്മാവില്‍ മല്‍സരം മുറുകിത്തകര്‍ക്കുമ്പോള്‍ ആവേശത്തിന്റെ ഓളത്തള്ളലുകള്‍ എത്രയോ കാതം അകലെയിരുന്നവര്‍ പോലും നേരില്‍ കാണാതെ ആസ്വദിച്ചിരുന്നു. ആകാശവാണിയിലെ ദൃക്സാക്ഷി വിവരണങ്ങളിലൂടെ ലൂക്കും ഗ്രിഗറിയുമെല്ലാം സ്റ്റാര്‍ട്ടിംഗ് പോയന്റില്‍നിന്ന് ഫിനിഷിംഗ് പോയന്റിലേക്ക് മൈക്കുകള്‍ കൈമാറി നല്‍കിയ അത്യുഗ്രന്‍ വിവരണങ്ങളിലൂടെ കാണാതെയും കളി 'കാണാം' എന്ന് പഠിപ്പിച്ചുതന്നു. പിന്നെയും കാലം എത്ര കഴിഞ്ഞാണ് ചാനലുകാര്‍ കുട്ടനാട്ടുകാരന്റെ ആവേശം നേരിട്ടു പകര്‍ത്താനെത്തിയത്. ദൂരത്തുനിന്ന് സൂം ചെയ്തെടുത്ത കാമറക്കണ്ണുകള്‍ക്ക് തുഴക്കാരന്റെ വീറോ വാശിയോ ഏറ്റുവാങ്ങാനുള്ള ശേഷിയില്ലായിരുന്നു. റേഡിയോ പുരാണങ്ങളുടെ പാതിപോലുമെത്താതെ നനഞ്ഞ പടക്കങ്ങളായി മാറി ആ പകര്‍ത്തുകാഴ്ചകള്‍. അതുകണ്ട് 'ഹേ... ഇതാണോ വള്ളംകളി?'' എന്ന് ചോദിച്ചവരുണ്ട്. കാരിച്ചാലും കല്ലൂപ്പറമ്പനും ജവഹര്‍ തായങ്കരിയും വെള്ളംകുളങ്ങരയും നടുഭാഗവുമൊക്കെ ചേര്‍ന്ന് സിരകളില്‍ തീയേറ്റുന്ന വരവുകള്‍ തീര്‍ക്കുന്നത് നേരിട്ടു കാണുമ്പോള്‍ അവര്‍ക്കത് തിരുത്തിപ്പറയേണ്ടിവരും. അല്ലാതെ ക്രിക്കറ്റ്പോലെ ചതുരപ്പെട്ടിയില്‍ കാണേണ്ട കളിയല്ലല്ലോ ഇത്. എത്രയെത്ര ക്രിക്കറ്റ് കളിക്കളങ്ങള്‍ക്കും അപ്പുറത്താണ് കായലിന്റെ പരപ്പും ആഴവും. ജീവിതവും ജീവനവുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഈ മല്‍സരത്തിന്റെ പൊരുള്‍ അറിയാത്തവരേ വരൂ കടലൊക്കുന്ന ഈ കായലിന്റെ നീള്‍പ്പരപ്പിലേക്ക്...ചുണ്ടന്മാര്‍ മാത്രമല്ല... വെപ്പും ഇരുട്ടുകുത്തിയും ചുരുളനും തെക്കന്‍ ഓടിയുമെല്ലാം ഊഴം കാത്തുനില്‍പ്പുണ്ട്...അതാ.... ഒച്ച മുഴങ്ങി...ആര്‍പ്പുവിളി പൊങ്ങി....ആവേശത്തിന്റെ മത്താപ്പിന് തീപിടിച്ചു തുടങ്ങി....ആരുകൊണ്ടുപോകും ഈ ആവേശത്തിന്റെ വെള്ളിത്തിളക്കത്തെകാരിച്ചാല്‍, ശ്രീഗണേശ്, പായിപ്പാട്, ചമ്പക്കുളം, ചെറുതന, കല്ലൂപ്പറമ്പന്‍....?ആരാവും ആ ജേതാവ്ഉത്തരം ഇപ്പോള്‍ കിട്ടും... അല്‍പ്പം കൂടി

1 comment:

Saroja said...

sheriykkyum ethonnu kanan thonunnu....