വേദനാമുറിയിലെ
ഓണത്തേങ്ങലുകള്‍
മക്കളും പേരക്കിടാങ്ങളും പുത്തനുടുപ്പണിഞ്ഞ് സദ്യവട്ടങ്ങളില്‍
മുഴുകുന്ന നേരത്ത് കൃഷ്ണേട്ടന്‍ മുകളിലത്തെ സീലിംഗിലേക്ക് നനഞ്ഞ കണ്ണുകളിലൂടെ നോക്കി കിടക്കുകയാവണം. അരികിലെ ട്രിപ്പ് സ്റ്റാന്‍ഡില്‍ തൂങ്ങുന്ന ഗ്ലൂക്കോസ് ബാഗില്‍നിന്ന് ഊര്‍ന്ന് കിടക്കുന്ന കുഴലിലൂടെ ഞരമ്പുകളിലേക്ക് വിഷമിച്ച് വീഴുന്ന തുള്ളികളാണ് ഇക്കുറി കൃഷ്ണേട്ടന്റെ ഓണസദ്യ. 58 വര്‍ഷത്തെ ആയുസിനിടയില്‍ കൃഷ്ണേട്ടന്‍ വീട്ടിലില്ലാത്ത ആദ്യത്തെ ഓണം.ജീവ കോശങ്ങളെ നീറിപ്പൊടിക്കുന്ന രോഗത്തിന്റെ പേറി തളര്‍ന്ന വേദനയുമായി മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡിന്റെ അങ്ങേ അറ്റത്ത് റേഡിയോളജി വിഭാഗത്തിന്റെ മുന്നില്‍ നിരവധി പേര്‍ കാത്തിരിപ്പുണ്ടായിരുന്നു. ശരീരത്തോട് യുദ്ധം പ്രഖ്യാപിച്ച് പിണങ്ങി നില്‍ക്കുന്ന കോശങ്ങളെ അഗ്നി സൂചികള്‍ കൊണ്ട് അടര്‍ത്തി മാറ്റാന്‍ ഊഴം കാത്തിരിക്കുന്നവര്‍ക്കിടയില്‍ ഇന്നലെ കൃഷ്ണേട്ടനെ കണ്ടിരുന്നു. അയാളെ ഭാര്യ ശാന്തേടത്തി വീല്‍ ചെയറില്‍ ഉന്തിക്കൊണ്ട് വരികയായിരുന്നു.ഫിനോയിലിന്റെയും ക്ലോറിന്റെയും പിന്നെ പേരറിയാത്ത വേറെ കുറേ മരുന്നുകളുടെയും ഗന്ധം വിങ്ങി നിന്ന വരാന്തയിലൂടെ അമ്മക്കൊപ്പം അച്ഛനെ വീല്‍ ചെയറില്‍ ഉന്തിക്കൊണ്ട് വരുമ്പോള്‍ വരാന്തയുടെ കോണില്‍ ചുമരിന് മുകളില്‍ പിടിപ്പിച്ച ടി.വി സെറ്റിലേക്ക് ശോഭേച്ചി പാളി നോക്കി. തിരുവോണദിന ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം 'ബിഗ് ബി' എന്ന് അതിലെഴുതി കാണിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ കഴിഞ്ഞ ഓണത്തിന് അച്ഛന്‍ വാങ്ങിയ വലുപ്പവും മുഴക്കവുമുള്ള ടി.വിയെക്കുറിച്ച് അവര്‍ ഓര്‍ത്തു പോയി.'തിരുവോണത്തിന് ഉച്ചക്ക് വീട്ടില്‍നിന്ന് സദ്യ കൊണ്ടുവരാമെന്ന് മോന്‍ പറഞ്ഞിരുന്നു. വേണ്ടെന്ന് ഞാനാ പറഞ്ഞത്. ഒരു തുള്ളി വെള്ളം തൊണ്ടക്കുഴിയിലേക്കിറക്കാന്‍ കഴിയാതെ ഒരാള്‍ ഇങ്ങനെ ഇവിടെ കിടക്കുമ്പോള്‍ എന്തോണം? എന്ത് സദ്യ?' ശാന്തേടത്തി സാരിത്തുമ്പ് കൊണ്ട് കണ്ണു തുടച്ചു.'കഴിഞ്ഞ ഓണത്തിന് ഒത്തിരി സന്തോഷായിരുന്നു. എല്ലാവരും ചേര്‍ന്ന് ഒത്തിരി സന്തോഷത്തോടെ കഴിഞ്ഞ ഓണമായിരുന്നു അത്. ഏട്ടന്‍മാരെല്ലാം വന്നിട്ടുണ്ടായിരുന്നു. ഞങ്ങടെ ഓര്‍മയില്‍ അച്ഛനെ ഇത്രയേറെ സന്തോഷത്തോടെ മറ്റൊരോണത്തിനും കണ്ടിട്ടില്ല. ഇത്തവണ കണ്ടില്ലേ.... ഇനി ഒരോണത്തിന് അച്ഛന്‍.....' പാതിവഴിയില്‍ ശോഭേച്ചിയുടെ വാക്കുകള്‍ പൊട്ടിവീണു. അതൊരു തേങ്ങിക്കരച്ചിലായി.എട്ട് മാസം മുമ്പൊരുനാള്‍ കൃഷ്ണേട്ടന് പെട്ടെന്നുണ്ടായ ചുമയാണ് ആശുപത്രിയുടെ മരവിപ്പിന്റെ അസ്വാസ്ഥ്യത്തിലേക്ക് അയാളെ വലിച്ചെറിഞ്ഞത്. റേഡിയേഷന്‍ യന്ത്രത്തില്‍ പലവട്ടം കയറിയിറങ്ങി കറുത്തിരുണ്ട ഒരു രൂപം മാത്രമായി കിടക്കയില്‍ കിടക്കുന്ന കൃഷ്ണേട്ടന്‍ കണ്ണിണകളില്‍ പിടഞ്ഞുണരുന്ന രണ്ട് തുള്ളികളില്‍ ഒരുപാട് പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.വാര്‍ഡിന്റെ അങ്ങേയറ്റത്ത് ഒരു മനുഷ്യന്‍ നീറിപ്പിടിച്ച് നിലവിളിക്കുന്നു. അയാളുടെ പേരെന്തെന്നറിയില്ല. അല്ലെങ്കില്‍ തുളവീണ കോശങ്ങളില്‍ ജീവന്‍ നിലവിളിക്കുമ്പോള്‍ പേരുകള്‍ക്കും മുഖങ്ങള്‍ക്കും എന്ത് പ്രസക്തി. വേദനയുടെ ഏതോ വേലിയേറ്റത്തില്‍ അയാള്‍ അടുത്തു നിന്ന ആളിലേക്ക് ഒരു പാവല്‍ വള്ളി പോലെ പടര്‍ന്നു കയറി. മാംസം തുളഞ്ഞു പോകുന്ന ആ മനുഷ്യന്റെ വേദന അപ്പോള്‍ കൂട്ടിരിപ്പുകാരന്‍ സ്വന്തം ദേഹത്തില്‍ തിരിച്ചറിഞ്ഞിരിക്കണം. തിരുവോണത്തിന്റെ മേളം തിമിര്‍ക്കുന്ന ഇപ്പോള്‍ അതില്‍നിന്ന് പുറത്തായതിലായിരിക്കില്ല ആ മനുഷ്യന്റെ ആവലാതി; ഞരമ്പില്‍ കുത്തിയിറക്കിയ സൂചിപ്പാടിനും ശമനം തരാന്‍ കഴിയാത്ത വേദനയെ മറ്റെന്തെങ്കിലും കുത്തി വെച്ച് ഉറക്കി കിടത്താന്‍ അയാള്‍ ആവശ്യപ്പെടുകയാവണം. ഓണം മറന്ന് അയാളെ പോലുള്ളവരുടെ വേദനക്ക് കാവലിരിക്കുന്നവര്‍ക്കും അവര്‍ക്കായി അനുകമ്പയോടെ പാഞ്ഞുനടക്കുന്ന ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും ഇന്ന് ആഘോഷമുണ്ടാകുമോ?. അറിയില്ല...ആശുപത്രി വട്ടത്തിന് ചുറ്റും നുരച്ചു പൊന്തുന്ന ആയിരങ്ങളില്‍ എത്ര പേര്‍ക്ക് ഇന്ന് ഓണമുണ്ടാവും?. അവരില്‍ അത്രയും പേരും അവിടെത്തന്നെയുണ്ടാവണം. അതില്‍ ചിലര്‍ക്ക് ആശുപത്രി തന്നെയാണ് വര്‍ഷങ്ങളായി വീടും കൂടുമെല്ലാം. അങ്ങനെയാണ് പത്മാവതിയമ്മയെ കണ്ടു മുട്ടിയത്. അവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ലായിരുന്നു. ഓര്‍ത്ത് പറയാന്‍ ബന്ധുക്കളും. വാര്‍ഡുകളിലൂടെ കടന്നു പോകുന്ന മുഖങ്ങളുടെ നൈമിഷികതയാണ് വര്‍ഷങ്ങളായി അവരുടെ ബന്ധുക്കള്‍.എത്രയെത്ര ഓണങ്ങള്‍ ഈ ആശുപത്രിയുടെ മനംമടുപ്പിക്കുന്ന എടുപ്പുകള്‍ക്കകത്തുകൂടി കടന്നു പോയിരിക്കുന്നു എന്ന് അവര്‍ക്ക് കൃത്യമായ ഓര്‍മയില്ല. ഓണനാളുകളില്‍ ഏതോ ചിലര്‍ പൊതികളിലാക്കി കൊടുക്കുന്ന ഭക്ഷണത്തിന്റെ രുചിയാണ് പത്മാവതിയമ്മയുടെ ഓണവിശേഷം.ആയിരക്കണക്കിന് രോഗികള്‍, അവരുടെ കൂട്ടിരിപ്പുകാര്‍, അവരെ പരിചരിക്കുന്ന ശുശ്രൂഷകര്‍ അങ്ങനെ ആയിരങ്ങള്‍ ഈ ആഘോഷനാളിന് പുറത്താണ്്. ഇളവുകള്‍ പ്രഖ്യാപിച്ച് വലയിട്ട് കാത്തിരിക്കുന്ന വിപണിയുടെ അലറി വിളികളും തോറ്റംപാട്ടുകളും അവരുടെ ഉള്ളുലക്കുന്ന വേദനയുടെ ചുവരില്‍ തട്ടി നിഷ്പ്രഭങ്ങളാകുന്നു.നഗരം ഉത്രാടപ്പാച്ചിലിലായിരുന്നപ്പോഴും ആശുപത്രി കവാടത്തില്‍ തിരക്ക് തന്നെയായിരുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വില കുറഞ്ഞ ചോറും കറിയുമായി അവര്‍ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. സെക്യൂരിറ്റിക്കാര്‍ പാസില്ലാത്തവര്‍ക്കെതിരെ കാര്‍ക്കശ്യത്തോടെ ഇപ്പോഴും പെരുമാറുന്നുണ്ടാവണം. അവരിലൊരാള്‍ക്ക് ഉച്ചക്ക് വീട്ടില്‍നിന്ന് അനുജന്‍ ചോറും കറിയും എത്തിച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.ആശുപത്രി കവാടത്തിന്റെ പുറത്ത് 42 ദിവസം പിന്നിട്ട സമരത്തിന്റെ തീര്‍പ്പു കല്‍പ്പിക്കാത്ത സമര പന്തലില്‍ കുറേ പേരുണ്ടായിരുന്നു ഇന്നലെ. അവര്‍ക്ക് ഇന്ന് 43ാം ദിവസമായിരിക്കണം. അതോ സമരത്തിന് ഒരു ദിവസത്തെ അവധി കൊടുത്തു അവരും ഓണം കൂടാന്‍ വീട്ടിലേക്ക് പോയിരിക്കുമോ ആവോ.....പൂക്കളമൊരുക്കി മാവേലിക്കാലത്തിന്റെ ഓര്‍മകളെ വരവേറ്റിരുന്ന, തൂശനിലയില്‍ തുമ്പപ്പൂ ചോറും കറിത്തരങ്ങളും വിളമ്പി വിശേഷമാക്കിയ എത്രയെത്ര പേരാണ് ആശുപത്രി കിടക്കയിലും വരാന്തയിലും ഈയലുകളെപ്പോലെ അടിഞ്ഞു കൂടി കിടക്കുന്നത്. മുന്‍പ് ഉണ്ടു മറന്ന പൊന്നോണങ്ങളുടെ പൂവിളികള്‍ ഓര്‍മയില്‍ തെളിയിച്ചെടുത്ത് അവരും ഇന്ന് ഓണം ആഘോഷിക്കുന്നുണ്ടാവണം; മനസ്സുകൊണ്ട്.(2008 സെപ്റ്റംബര്‍ 13ന് മാധ്യമം തിരുവോണ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)

7 comments:

Shameer Arattupuzha said...

Onathinte santhosham niranga anubhavangalum varthamanangalum kanukayum vayikkukaum, pankuvekkukayum cheyyunnathinidayilanu onathinte thengalukal kettathu. lekhanam vayichu kazhingappol manassukondum shareeram kondum akhoshikkanum santhoshikkanum kazhiyathe poyavarude vedanayayi pinneedu manassu muzhuvan. Ashupathriyil koottirippukarante rolil kure anubhavangal ullathinal lekhanam manassine vallathe vedanappeduthi.

BS Sathyan said...

Touching...

shahir chennamangallur said...

vaayikkam ..ee thirakkonnu kazhinjote

umbachy said...

നവാഗതാ..സ്വാഗതം,
വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍
അത്ര പണി ഒഴിവായിക്കിട്ടും,
കമന്‍റുന്നവര്‍ക്ക് എളുപ്പമാകുമത്.

Najim Kochukalunk said...

mmm... nannayittundu

Unknown said...

saife what a fantastic work expecting more as follow ups really proud of you

Unknown said...

ente Suhruthe,

Ninte kazhvukal apaaaram thanne. Eee kazhivukalku thudakkamittu thannayale nee ormikkunnundo? Thiruvananthapurathe press clubil ninnu thudangiya ee jurnalism, angolam angolam valaratte. Ente ella asamsakalum.....Naushad