മിഠായിത്തെരുവിലെ ഇറാനിയന്‍ യാത്രകള്‍...




ദിവസം വൈകുന്നേരം ചായകുടിയും കഴിഞ്ഞ് കോഴിക്കോട് മിഠായിത്തെരുവിലൂടെ അവര്‍ നടക്കാനിറങ്ങുന്നു. അവര്‍ കുറേപ്പേര്‍... ഇന്നാട്ടില്‍ ചിരപരിചിതമല്ലാത്ത മുഖങ്ങള്‍. പക്ഷേ, പേരുകള്‍ പലര്‍ക്കുമറിയാം.ഒത്തിരിപ്പേര്‍ക്കറിയാം.....മജീദ് മജീദി, അബ്ബാസ് കിയരസ്തമി, ജാഫര്‍ പനാഹി, മൊഹ്സിന്‍ മഖ്മല്‍ ബഫ് തുടങ്ങിയവര്‍... അവര്‍ക്കൊപ്പം പിന്നെയും കുറേപേര്‍.ചര്‍ച്ചകള്‍ എല്ലാം ഒന്നിനെക്കുറിച്ചുമാത്രം...ലോകസിനിമയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റിമറിച്ചിലുകള്‍....ഇറാനില്‍പോലും ഒന്നിച്ചുകൂടാന്‍ സാധ്യതയില്ലാത്ത ഒരുകൂട്ടം സംവിധായകര്‍ എങ്ങനെ കോഴിക്കോടിന്റെ തെരുവില്‍ സംഗമിക്കുന്നുവെന്ന് അതിശയിക്കേണ്ട. അവര്‍ മിഠായിത്തെരുവില്‍ മാത്രമല്ല. തിരുവനന്തപുരത്തെ ശംഖുംമുഖം കടപ്പുറത്തും ചാലക്കമ്പോളത്തിലും പാളയം മാര്‍ക്കറ്റിലും എറണാകുളം മറൈന്‍ ഡ്രൈവിലും തൃശãൂര്‍ തേക്കിന്‍കാട് മൈതാനത്തുമെല്ലാം ഒത്തുകൂടും... മണിക്കൂറുകളോളം സിനിമാ ലോകത്തിന്റെ തിരിവുകളെയും വളവുകളെയും രാഷ്ട്രീയ കയറ്റിറക്കങ്ങളെയുംകുറിച്ച് സംസാരിച്ചിരിക്കും. നേരം പോയ്മറയുന്നതറിയാതെ. ഈയിടെയായി അവര്‍ക്കൊപ്പം ബഹ്മാന്‍ ഗൊബാദി, ഹുസൈന്‍ കരാബെ തുടങ്ങിയവരെയും കണ്ടുതുടങ്ങിയിട്ടുണ്ട്. ലോക സിനിമയുടെ ഭൂപടങ്ങളില്‍ നാഴികമണി മുഴക്കുന്ന ഈ സംവിധായകര്‍ സബ്ടൈറ്റിലില്ലാതെ നേരിട്ടുവന്നു മലയാളത്തില്‍ സംസാരിക്കുകയല്ല. അവരുടെ നാവുകളായി നടന്നുപോകുന്ന മലയാളികളായ ചെറുപ്പക്കാരിലൂടെ വെളിപ്പെടുകയും മലയാളികളായിത്തീരുകയുമാണ്.വ്യത്യസ്ത സംസ്കാരങ്ങളിലും സമൂഹങ്ങളിലും സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ജീവിതങ്ങളെ തിരശãീലയില്‍ പകര്‍ത്തിവെക്കുന്ന ഇവര്‍ക്കായി സംസാരിക്കാന്‍ ഒരുപാട് ചെറുകൂട്ടങ്ങള്‍ മലയാളക്കരയില്‍ കടന്നുവരുന്നുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്ഗോപിയുടെയും ദിലീപിന്റെയും ഷാജി കൈലാസിന്റെയുമൊക്കെ ഫാന്‍സുകളായിരുന്നവര്‍ അതില്‍നിന്നൊക്കെ രാജിവെച്ച് മജീദ് മജീദിയുടെയും അബ്ദുല്ല ഓഗസിന്റെയുമൊക്കെ ആരാധകരായി മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മലയാളത്തില്‍ കണ്ടുവരുന്നത്.2008ല്‍ 'സോംഗ് ഓഫ് സ്പാരോസ്' (കുരുവിയുടെ പാട്ട്) എന്ന സിനിമയിലൂടെ ആരാധകരെ ഒന്നുകൂടി ഉറപ്പിച്ച മജീദ് മജീദിയെന്ന ഇറാനിയന്‍ സംവിധായകന്‍ ഇപ്പോള്‍ എന്തുചെയ്യുകയാണ് എന്ന് ചോദിച്ചു നോക്കൂ. 'കശ്മീര്‍ അഫ്ലോട്ട്' എന്ന പുതിയ സിനിമയുടെ തിരക്കിലാണ് എന്ന് അവര്‍ മറുപടി പറയും. ഇറാനിലെ നവസിനിമ പ്രസ്ഥാനത്തിന് ചുവടുറപ്പു നല്‍കിയ അബ്ബാസ് കിയരസ്തമിയുടെ പുതിയ പടം 'ദ സര്‍ട്ടിഫൈഡ് കോപ്പി' എന്ന് പുറത്തുവരുമെന്ന ആകാംക്ഷയിലാണ് ഈ മലയാളിക്കൂട്ടങ്ങള്‍. ഒരുകാലത്ത് ലാറ്റിനമേരിക്കന്‍ സിനിമകളുടെ കടുത്ത ആരാധകരായി ഏതാനും കുളിക്കാത്ത ബുജികള്‍ മാമ്രമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളു. അടൂര്‍ ഗോപാലകൃഷ്ണനെയും അരവിന്ദനെയും പോലും തിരിച്ചറിയാത്ത അവരുടെ കാലം കഴിഞ്ഞു. പുതിയ ആസ്വാദകവൃന്ദങ്ങള്‍ ആ സ്ഥാനം കൈയടക്കിയിരിക്കുന്നു. ഇറാനില്‍ തളിരിട്ട നവസിനിമകള്‍ ഈ ആസ്വാദന വഴിമാറ്റത്തില്‍ ഏറെ പ്രചോദനമേകിയിട്ടുണ്ട്.വൈകാരികമായ ജീവിത സാഹചര്യങ്ങളെ ലളിതമായും അങ്ങേയറ്റം സൌന്ദര്യാത്മകവുമായി അവതരിപ്പിച്ച ഇറാനിയന്‍ സിനിമകള്‍ വ്യത്യസ്തത കൊതിച്ച മലയാളിക്കൂട്ടങ്ങളെ കീഴടക്കിയത് പെട്ടെന്നാണ്. സാങ്കേതിക വിദ്യയുടെ ഉദാരവത്കരണം ലോകസിനിമയുടെ അതിരുകളെ അപ്രസക്തമാക്കിയിരിക്കുന്നു. ഡി.വി.ഡി വിപ്ലവം ഇന്ന് വീട്ടകങ്ങളെവരെ ലോക സിനിമാ തിയറ്ററുകളാക്കിയിരിക്കുന്നു. മൂന്നും നാലും വര്‍ഷം പഴക്കമുള്ള സിനിമകളുടെ തടിയന്‍ പുസ്തകംപോലെ തോന്നിക്കുന്ന വീഡിയോ കാസറ്റുകള്‍ വാടകക്കെടുത്ത് കണ്ടിരുന്ന വി.സി.ആര്‍ കാലത്തുനിന്നും ഡി.വി.ഡി പ്ലെയര്‍കാലത്തേക്കുളള മാറ്റം ഏറെ സഹായിച്ചത് ഈ 'ലോക സിനിമാ ഭ്രാന്തന്മാരെ' ആണ്. ഇക്കഴിഞ്ഞ തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലില്‍ (ഐ.എഫ്.എഫ്.കെ) ഏറെപ്പേരെ ആകര്‍ഷിച്ച സിനിമയായിരുന്നു ബഹ്മാന്‍ ഗൊബാദിയുടെ 'ഹാഫ് മൂണ്‍'. സദ്ദാമിന്റെ പതനത്തിനുശേഷമുള്ള ഇറാഖിന്റെ ദുരവസ്ഥ വ്യംഗ്യമായും അങ്ങേയറ്റം സൌന്ദര്യാത്മകമായും അവതരിപ്പിച്ച ഇറാനില്‍നിന്നുള്ള ഈ ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ് കണ്ടവര്‍ നിരവധിയായിരുന്നു. പലരുടെയും സ്വകാര്യശേഖരത്തില്‍ നേരത്തേ സ്ഥാനം പിടിച്ചിരുന്നു ഈ സിനിമ. ഇറാനിലെ പുതുതലമുറയിലെ ശ്രദ്ധേയനായ ഈ കുര്‍ദിഷ് സംവിധായകന്‍ സമീറ മക്മല്‍ബഫിന്റെ 'ദ ബ്ലാക്ക് ബോര്‍ഡി'ല്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടുമുണ്ട്. ഗൊബാദിയുടെ 'ടര്‍ട്ടില്‍സ് കാന്‍ ഫ്ളൈ' എന്ന ചിത്രവും നേരത്തേ ഇഷ്ടം പിടിച്ചുപറ്റിയതാണ്. എവിടെയും ഇഷ്ട ചിത്രങ്ങള്‍ അനായാസം ലഭിക്കുമെന്നതായതോടെ നാടുനീളെ 'ഫിലിം ഫെസ്റ്റിവലുകളാ'യിരിക്കുന്നു. ആഘോഷ വേളകളില്‍ ഒരു ഫിലിം ഫെസ്റ്റിവലാണ് ഇപ്പോഴത്തെ ഫാഷന്‍. ഒരു ഡി.വി.ഡി പ്ലെയറും ഒരു എല്‍.സി.ഡി പ്രോജക്ടറുമുണ്ടെങ്കില്‍ എവിടെയും ഫിലിം ഫെസ്റ്റിവല്‍ നടത്താം. ഇറാന്‍ സിനിമ എന്നാല്‍ ഒരുകാലത്ത് മൊഹ്സിന്‍ മക്മല്‍ബഫ് എന്നായിരുന്നു. ബഫിന്റെ സിനിമയിലെ രാഷ്ട്രീയ മാറ്റവും പടിഞ്ഞാറിനോടുള്ള ചായ്വും തിരിച്ചറിഞ്ഞ മലയാളിക്കൂട്ടം ഇപ്പോള്‍ ബഫിനെ കൈവിട്ട മട്ടിലാണ്. അമേരിക്കന്‍ അധിനിവേശത്തില്‍ ഞെരിഞ്ഞുടഞ്ഞ അഫ്ഗാനിസ്ഥാനെ പരാമര്‍ശിക്കുകപോലും ചെയ്യാതെ അഫ്ഗാനില്‍ ചിത്രീകരിച്ച 'കാണ്ഡഹാര്‍' ഏറെ നിരാശപ്പെടുത്തിയിരുന്നു. ഇറാനിലെ നവസംവിധായകരില്‍നിന്ന് പ്രചോദനം തേടിയ നിരവധിപേര്‍ ഇപ്പോള്‍ തുര്‍ക്കി സിനിമയില്‍ പിറന്നുവീണിട്ടുണ്ട്. അബ്ദുല്ല ഓഗസ് (ദ ബ്ലിസ്), ഹുസൈന്‍ കരാബേ (മൈ മര്‍ലോണ്‍ ആന്റ് ബ്രാണ്ടോ) തുടങ്ങിയവരിലാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണ്. ഫലസ്തീനി സിനിമയായ റഷീദ് മഷ്റാവിയുടെ 'ലൈലാസ് ബര്‍ത്ത്ഡേ' അവരെ ഏറെ ആകര്‍ഷിച്ചു. ഒരു പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അവള്‍ക്കുള്ള കേക്കുമായി നേരത്തേ വീടണയാമെന്ന് ഉറപ്പുനല്‍കി രാവിലെ ജോലിക്കുപോയ ടാക്സി ഡ്രൈവറായ പിതാവിന്റെ വ്യഗ്രതയിലൂടെ ഫലസ്തീനെന്ന രാഷ്ട്രത്തിന്റെയും ജനതയുടെയും നിസ്സഹായത പകര്‍ത്തിയ ഈ ചിത്രം മികച്ച രാഷ്ട്രീയ സിനിമകൂടിയാണ്.വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ രാഷ്ട്രീയവും സാംസ്കാരികവുമായ സങ്കീര്‍ണതയിലും അനിശ്ചിതത്ത്വങ്ങളിലും നട്ടംതിരിയുന്ന മനുഷ്യരുടെ പരുപരുത്ത ജീവിതത്തെ വളച്ചുകെട്ടുകളോ ബുദ്ധിജീവി ജാടകളോ ഇല്ലാതെ ഞെട്ടലോടെ അവതരിപ്പിക്കുന്നതുകൊണ്ടാണ് മലയാളിക്കൂട്ടം ഈ സിനിമകളെ ആവേശത്തോടെ നെഞ്ചേറ്റുന്നത്. അതിനൊക്കെ പുറമേ അതിമാനുഷരായ നായകന്മാരുടെ സ്ഥിരം വളിപ്പുകള്‍ ആവര്‍ത്തിക്കുന്ന മലയാള സിനിമയുടെ മടുപ്പിക്കുന്ന അന്തരീക്ഷവും ജീവിതം മണക്കുന്ന മറുനാടന്‍ ചിത്രങ്ങളെ രസച്ചരട് പൊട്ടിക്കുന്ന സബ് ടൈറ്റിലിന്റെ അസ്വാരസ്യവും സഹിച്ച് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. ബുര്‍ക്കിനോഫാസയില്‍ സിനിമയോ എന്ന് ചോദിച്ചവരെ ഞെട്ടിച്ച 'ഡ്രീംസ് ഓഫ് ഡസ്റ്റ്' അവരുടെ ശേഖരത്തിലെ ഇഷ്ടയിനങ്ങളില്‍ ഒന്ന്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകര്‍ച്ചവ്യാധിപോലെ ഈ സിനിമ ജ്വരം പകരുന്നതിന് മറൈന്‍ ഡ്രൈവിലും തിരുവനന്തപുരത്തെ ചില കേന്ദ്രങ്ങളിലും വളര്‍ന്നു തുടങ്ങിയ 'ലോക സിനിമാവിപണി' ഉദാഹരണം. ഇത്തവണത്തെ ഒസ്കറില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച 'സ്ലം ഡോഗ് മില്ല്യനെയറി'ന്റെ ഡി.വി.ഡി വേണോ? അതോ മികച്ച നടിക്കുള്ള അവാര്‍ഡ് കേറ്റ് വിന്‍സ്ലറ്റിന് കിട്ടിയ 'റീഡറിന്റെ' അല്ലെങ്കില്‍ ഷോണ്‍പെന്നിനെ മികച്ച നടനാക്കിയ 'മില്‍ക്കി'ന്റെ. അതുമല്ലെങ്കില്‍ ബ്രാഡ് പിറ്റിന്റെ 'ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍'. ഏതുവേണമെങ്കിലും റെഡി. നെറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തു കാണാനും ഇപ്പോള്‍ അവസരമുണ്ട്. ഇതും ലോകസിനിമയെ പ്രത്യേകിച്ച് ചോരമണക്കുന്ന പശ്ചിമേഷ്യയുടെ മണ്ണിലെ കനല്‍ കാച്ചിയ കാഴ്ചകള്‍ കാണാന്‍ ഏറെ സഹായിക്കുന്നു. അതൊക്കെകൊണ്ടാണ് മലയാളത്തിന്റെ മുറ്റത്ത് ഗൊബാദിയും മജീദ് മജീദിയുമെല്ലാം സായാഹ്നയാത്ര ചെയ്യുന്നത്.ഓര്‍മക്കുറിപ്പ്: ഇക്കഴിഞ്ഞ എപ്രില്‍ 15നായിരുന്നു ഷൌക്കത്ത് അമീന്‍ കോര്‍ക്കി എന്ന ഇറാഖി സംവിധായകന്റെ 'ക്രോസിംഗ് ദ ഡസ്റ്റ്' ഫ്രാന്‍സില്‍ റിലീസ് ചെയ്തത്. അതിനും എത്രയോ മുമ്പേ ആ സിനിമ കോഴിക്കോട്ടും തൃശãുരുമെല്ലാം എല്‍.സി.ഡി വെളിച്ചത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2003ലെ സദ്ദാം ഹുസൈന്റെ പതനത്തിനുശേഷമുള്ള ഇറാഖിന്റെ മണ്ണിലാണ് സിനിമ നടക്കുന്നത്. അമേരിക്കന്‍ ക്യാമ്പിലേക്ക് ഭക്ഷണവുമായി പോകുന്ന രണ്ട് കുര്‍ദു യുവാക്കള്‍ക്ക് വഴിയില്‍നിന്ന് ഒരു കുട്ടിയെ കിട്ടുന്നതാണ് സിനിമയുടെ പ്രമേയം. ആ കുട്ടിയുടെ പേരാകട്ടെ സദ്ദാം എന്നും. അമേരിക്കന്‍ ആക്രമണത്തില്‍ ഛിന്നഭിന്നമായ ഇറാഖിന്റെ തെരുവുകളില്‍ 'സദ്ദാമിന്റെ' മാതാപിതാക്കളെ തേടിനടക്കുന്ന ആ യുവാക്കളുടെ ദുരന്തപൂര്‍ണമായ അന്ത്യം ഫ്രാന്‍സിന്റെ കണ്ണുകളെപ്പോലും നനയിച്ചു. അതിനുമെത്രയോ മുമ്പ് മലയാളിക്കൂട്ടം ഈ ചിത്രം കണ്ട് കണ്ണീര്‍ വാര്‍ത്തിരുന്നു. ഒരുപക്ഷേ, ഇറാഖുകാര്‍ക്കോ അറബ്ലോകത്തിനുതന്നെയോ ഇങ്ങനെയൊരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് എന്നറിയുന്നതിനും എത്രയോ മുമ്പ്.

( 2009 ഏപ്രില്‍ 18 ശനി ഗള്‍ഫ്മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)

ഊമകള്‍ സംസാരിക്കുമ്പോള്‍...

''.... നിങ്ങള്‍ കണ്ടുപോന്ന പെണ്‍കുട്ടി സുന്ദരിയാണ്. സമ്മതിച്ചു. അവളുടെ വീട്ടില്‍ അത്യാവശ്യം ഭേദപ്പെട്ടസ്വത്തുമുണ്ട്. നാട്ടില്‍ അറിയപ്പെടുന്ന കുടുംബവുമാണ്. അതും സമ്മതിച്ചു. ആ പെണകുട്ടിയെ വിവാഹംകഴിക്കുന്നതോടെ സത്യത്തില്‍ നിങ്ങള്‍ ഒരു അത്യാപത്ത് തലയില്‍ എടുത്തുവെക്കാന്‍ പോവുകയാണ്. ആകുട്ടിയുടെ സ്വഭാവം എത്രമാത്രം നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് അത് നന്നായിഅറിയാം. അവള്‍ കോളജില്‍ പഠിക്കുന്ന കാലത്ത് കാട്ടിക്കൂട്ടിയ പേക്കൂത്തുകളെക്കുറിച്ച് നിങ്ങള്‍ ഞങ്ങളുടെനാട്ടിലെ ആരോടുവേണമെങ്കിലും ചോദിച്ചുനോക്കൂ. ആരൊക്കെ ആയിട്ട്, എങ്ങനെയൊക്കെ ആയിരുന്നു അവളുടെകമ്പനി എന്ന് അവര്‍ കൃത്യമായി അത് പറഞ്ഞുതരും. ഇനി ആ പെണ്‍കുട്ടിയുമായുള്ള വിവാഹം വേണമോ എന്ന്തീരുമാനിക്കേണ്ടത് നിങ്ങളാണ്.... ആലോചിച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് നല്ലത്...എന്ന് നിങ്ങളോട്ഗുണകാംക്ഷയുള്ള ഒരു നാട്ടുകാരന്‍.''
പെണ്ണുകണ്ടിറങ്ങിപ്പോയ
ചെക്കന്റെ മേല്‍വിലാസം പരിശ്രമപ്പെട്ട്കണ്ടെത്തി ഇത്രയും ഗുണകാംക്ഷയോടെ ഒരു കത്ത് പിന്നാലെ വരുമ്പോള്‍ ഉണ്ടാകുന്ന പുകിലുകളെക്കുറിച്ച്ഓര്‍ത്തു നോക്കൂ. സെല്‍ഫോണും ഇന്റര്‍നെറ്റും എന്തിന് എസ്.ടി.ഡി പോലും ഇല്ലാത്ത കാലത്ത് ഇത്തരംകരക്കമ്പികള്‍' മുടക്കിയ കല്ല്യാണങ്ങളുടെ ഒത്തിരിയൊത്തിരി കഥകള്‍ പറയാനുണ്ടാവും ഇത് വായിക്കുന്നഓരോരുത്തര്‍ക്കും. ആരോരുമറിയാതെ പോസ്റ് ഓഫീസിന്റെ ചുവന്ന ചായം തേച്ച പെട്ടിയില്‍നിന്ന്കാക്കിസഞ്ചികളിലൂടെ കറങ്ങിത്തിരിഞ്ഞ് പേരും നാളുമില്ലാതെ വരുന്ന ഊമപ്പേച്ചുകളുടെ നെല്ലും പതിരുംതിരഞ്ഞ് നേരം കളയുന്നതെന്തിനെന്ന് ചെറുക്കന്റെ വീട്ടുകാര്‍ കരുതും. ആ സിംപിള്‍ മനഃശാസ്ത്രംപണ്ടേക്കുപണ്ടേ മനഃപാഠമാക്കിയവരാണ് മലയാളികള്‍. ആ പെണ്ണ് പിന്നെ വീട്ടിലിരുന്നുപോവാന്‍ സാധ്യതഏറെ. ''പ്രിയപ്പെട്ട എഡിറ്റര്‍, താങ്കളുടെ പ്രസിദ്ധീകരണത്തില്‍ വന്ന ..... ആളുടെ കവിത/ ലേഖനം കേമമായിരുന്നു. അദ്ദേഹത്തിന് ഒരു താമ്രപത്രംതന്നെ കൊടുക്കേണ്ടതാണ്. അത്ര മഹത്തരമാണ് ആ കൃതി. ഞങ്ങളെന്താ വെറുംമന്തന്‍മാരാണോ.... ഇത്തരം മ്ലേച്ഛന്‍മാരുടെ അലമ്പുകള്‍ കൊടുത്ത് നിലവാരമുള്ള നിങ്ങളുടെ പ്രസിദ്ധീകരണംതകര്‍ക്കണോ? പ്രത്യേകിച്ചും താങ്കളെപ്പോലെ കര്‍മകുശലനായ ഒരാള്‍ എഡിറ്ററായിരിക്കുമ്പോള്‍ ഇങ്ങനെസംഭവിച്ചുകൂടാത്തതാണ്. ഹൃദയപൂര്‍വം താങ്കളുടെ ഒരു അഭ്യുദയകാംക്ഷി.''ഒരു പ്രത്യേക കവിയുടെ/ ലേഖകന്റെ സൃഷ്ടി പ്രത്യക്ഷപ്പെടുന്നതിന്റെ പിറ്റേ ദിവസം കണ്ണൂരിന്റെ തപാല്‍മുദ്ര പതിച്ച കവറില്‍ ഒരുപത്രാധിപര്‍ക്ക് പതിവായി കിട്ടിക്കൊണ്ടിരുന്ന കൈയക്ഷരത്തില്‍ മാറ്റമില്ലാത്ത ഹൃദയത്തില്‍ തട്ടിയ ഒരുകത്തിന്റെ സാംപിളാണിത്. കുറേക്കാലത്തെ അന്വേഷണത്തിനുശേഷം ഈ അഭ്യുദയകാംക്ഷിയെ കണ്ടെത്തി. അതേസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉത്തരവാദിത്തപ്പെട്ട ഒരാള്‍. പക്ഷേ, തെളിവുകള്‍ ഇല്ലായിരുന്നു. കൈയക്ഷരംകണ്ടുപോലും ആളെക്കണ്ടുപിടിക്കാനാവില്ല. അല്ലെങ്കിലും ഊമക്കത്തയക്കുന്നവര്‍ സ്വന്തം കൈപ്പടയില്‍അതെഴുതാറില്ലല്ലോ. മറ്റാരെയെങ്കിലും ഇക്കാര്യത്തില്‍ നമ്പിയാല്‍ അങ്ങാടിയില്‍ അത് പാട്ടാകും എന്ന്ഭയക്കുന്നവര്‍ അതിനും ശ്രമിക്കാറില്ല. തന്റേതല്ലെന്ന് തോന്നിക്കുന്ന രണ്ടാം നമ്പര്‍ കൈയക്ഷരത്തില്‍ അതങ്ങ്കാച്ചും. ഇവിടെയാണ് ചില വിദ്വാന്മാര്‍ കുടുങ്ങുന്നത്. എത്ര മറച്ചാലും വിട്ടുപോകാത്ത ചില കൈയടയാളങ്ങള്‍എഴുത്തിന്റെ ചില പ്രത്യേക കോണുകളില്‍നിന്ന് അതാരെന്ന് കൃത്യമായി വിളിച്ചു പറയും. അങ്ങനെപെട്ടുപോയവരില്‍ ഒരാളാണ് നടേ പറഞ്ഞ സംപിളിന്റെ ഉടമ.തന്തയും തള്ളയും ഇല്ലാത്ത ഇത്തരം കുറിമാനങ്ങള്‍അപാരമായ സത്യമാണ് എന്ന് വിശ്വസിച്ച് 'പണി കിട്ടിയ' പാവങ്ങളും നിരവധിയുണ്ട്. ഒറ്റ നോട്ടത്തില്‍ഒരന്വേഷണം നടത്തിയപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന ഒരുപാടുപേര്‍ക്ക് ദിവസവും 'പിതൃശൂന്യമായ' (കടപ്പാട് എം.സ്വരാജിന്) കത്തുകള്‍ പതിവാണെന്നാണ്. സാഹിത്യകാരന്മാരെയാണ് ഈ ഒളിയാക്രമണം ഏറ്റവുംകൂടുതല്‍ ബാധിക്കുന്നതത്രെ. അല്ലെങ്കിലും രാഷ്ട്രീയക്കാരെക്കാള്‍ പാരകള്‍ ഏറ്റവും കൂടുതല്‍ സാഹിത്യ ഫസാംസ്കാരികര്‍ക്കിടയിലാണല്ലോ കൂടുതല്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയിലേ ശത്രുതയുള്ളു; അവരുടെനേതാക്കന്മാര്‍ക്കിടയില്‍ അതില്ല. പാര്‍ട്ടി പലതായാലും അവര്‍ ഐക്യമുന്നണിയാണ്. അഴിമതി കേസുകളെല്ലാംഇതിനുദാഹരണം. പല മുന്നണികളില്‍നിന്ന് 'ഗ്വാ ഗ്വാ' വിളിക്കുന്നവര്‍ സമയം കിട്ടുമ്പോള്‍ ചങ്ങാത്തത്തിന്റെകെട്ടഴിക്കും. അതേസമയം, സ്വന്തം പാര്‍ട്ടിയിലെ മറ്റൊരു നേതാവിനിട്ട് പാരപണിയാന്‍ മിടുക്കരുമായിരിക്കും. പിണറായി വിജയനും അച്യുതാനന്ദനും നേരില്‍ കണ്ടാല്‍ മിണ്ടാതായിട്ട് കാലമെത്രയായി. അങ്ങനെയാണോപിണറായി വിജയനും രമേശ് ചെന്നിത്തലയും തമ്മില്‍. രണ്ടിലൊരാള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കും. ഉറപ്പ്. ചിലപ്പോള്‍ പിണറായി ഫ രമേശുമാര്‍ക്കെതിരെ അച്യുതാനന്ദന്‍ ഫ ഉമ്മന്‍ ചാണ്ടിമാര്‍ ഒരു മുന്നണി ഉണ്ടാക്കാനുംമതി. സാഹിത്യത്തില്‍ അത് നടപ്പില്ല. അവിടെ പരസ്പരം കണ്ടുപോയാല്‍ പിന്നെ 'കീരിയും പാമ്പും' പോലെയാണ്. (പുതുമ വേണമെന്നുള്ളവര്‍ക്ക് മുന തേഞ്ഞുപോയ ഈ പഴമൊഴിക്ക് പകരം വി.എസുംപിണറായിയും എന്ന് വേണമെങ്കിലും വായിക്കാം) തമ്മില്‍ കണ്ടാല്‍ അപ്പോള്‍ തുടങ്ങും ഏറ്റുമുട്ടല്‍.ഏറ്റവുംകൂടുതല്‍ ഊമക്കത്തുകള്‍ പതിവായി കിട്ടുന്നത് കേരളത്തില്‍ ഒരുപക്ഷേ രണ്ടുപേര്‍ക്കായിരിക്കണം. ഒന്ന് സാക്ഷാല്‍സുകുമാര്‍ അഴീക്കോട്. മറ്റൊന്ന് വി.എസ്. അച്യുതാനന്ദന്‍തന്നെ. അച്യുതാനന്ദനെ തട്ടിക്കളയുമെന്നോ ബോംബ്വെക്കുമെന്നോ പറയുമ്പോള്‍ മാത്രമായിരിക്കും അതന്വേഷിച്ച് പോലിസ് ഇറങ്ങിപ്പുറപ്പെടുക. അഴീക്കോടിന്റെകാര്യം അതല്ല; തെറിയഭിഷേകം ചെയ്താണ് അദ്ദേഹത്തെ പോലുള്ളവര്‍ക്ക് കത്തുകള്‍ കിട്ടുക.തെറിക്കത്ത്എഴുതുന്ന കാര്യത്തില്‍ മലയാളികള്‍തന്നെ ലോകത്തിലെ നമ്പര്‍ വണ്‍. സംശയമുണ്ടെങ്കില്‍ തീവണ്ടികളിലെമുത്രപ്പുരകളുടെ ചുവരില്‍ എഴുതിവെച്ചിരിക്കുന്ന വിശ്വസാഹിത്യം നോക്കൂ. ഹൌെറയില്‍നിന്ന് പുറപ്പെടുന്നപാസഞ്ചര്‍ ട്രെയിനിന്റെ മൂത്രപ്പുരയിലും തനിമലയാളത്തില്‍ ഇങ്ങനെ എഴുതിവെച്ചിട്ടുള്ളതായി ഒരു സുഹൃത്ത്പറഞ്ഞതോര്‍ക്കുന്നു. അപ്പോഴാണത്രെ മറുനാടന്‍ മലയാളി 'തനിമലയാളി' ആകുന്നതെന്നും അവന്‍ പറഞ്ഞു.ആരുംകാണില്ലെന്ന് ഉറപ്പുള്ള മൂത്രപ്പുരയില്‍ മാന്യതയുടെ സിപ് ഊരി ഇങ്ങനെ നഗ്നത വെളിവാക്കുന്നവരില്‍അങ്ങേയറ്റത്തെ മാന്യന്മാരും വിദ്യാസമ്പന്നരും ഉണ്ടെന്നാണ് മനഃശാസ്ത്രകാരന്മാര്‍ പറയുന്നത്. ഈതെറിവീരന്മാരുടെ പരാക്രമത്തിന് കാരണമായി അവര്‍ക്ക് പലതും പറയാനുമുണ്ട് .മാധവിക്കുട്ടി മരിച്ചപ്പോള്‍അവരെ ഓര്‍ത്ത് ഒത്തിരി കണ്ണീരണിഞ്ഞ വാക്കുകള്‍ പറഞ്ഞവരാണ് മലയാളികള്‍. പക്ഷേ, അവര്‍ എങ്ങനെകൊച്ചിവിട്ട് പൂനെയിലേക്ക് പോയി എന്നും ഓര്‍ക്കണം. പതിവ് തെറ്റാതെ തെറിക്കത്തുകള്‍ എഴുതിയായിരുന്നുഅവരെ മലയാളികള്‍ കെട്ടുകെട്ടിച്ചതെന്ന് ലീലാ മേനോന്‍ പറഞ്ഞതോര്‍ക്കുക. അതിന് പുറമേ തെറിയഭിഷേകംചെയ്ത ഫോണ്‍വിളികളും.ഇരുട്ടടിനേര്‍ക്കുനേരെനിന്ന് കാര്യങ്ങള്‍ പറയാന്‍ ധൈര്യമില്ലാത്തവന്റെ തന്ത്രമാണ്ഊമക്കത്തുകള്‍ എന്ന് ഭൂരിഭാഗം മനഃശാസ്ത്രകാരന്മാരും പറയുന്നു. ധൈര്യമുണ്ടെങ്കില്‍ നേരിട്ടു പറയില്ലേ; അതില്ലാഞ്ഞിട്ടല്ലേ ഈ ഒളിവെടി. അസൂയയില്‍നിന്ന് ഊമക്കത്തുകള്‍ ജനിക്കുന്നതായി അവര്‍ പറയുന്നുണ്ട്.കൂടെജോലി ചെയ്യുന്നവന്‍ അത് നല്ല വെടിപ്പായി ചെയ്യുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ചിലര്‍ക്ക് കലിപ്പിളകും. വൈകുന്നേരംവരെ തോളില്‍ കൈയിട്ട് നടന്ന അവന്റെ പേരില്‍ രാത്രി ഉറക്കിളച്ചിരുന്ന്ഊമക്കത്തെഴുതും. എന്നിട്ട് വെളുപ്പിനത്തെ ബസ്സില്‍ അടുത്ത പഞ്ചായത്തിലോ അല്ലെങ്കില്‍ ജില്ലാ പരിധിക്കുപുറത്തോ പോയി ഒരു അഭ്യുദയകാംക്ഷിയായി മേലധികാരിക്ക് നുണയും കുത്തുംവെച്ച് കത്ത് പോസ്റ് ചെയ്യും. നോക്കണേ ഒരു ശുഷ്കാന്തി. നാട്ടിലെ സുന്ദരിയായ പെണ്ണിനെ പ്രേമിച്ച് നടക്കാതെ പോകുമ്പോള്‍ അവള്‍ക്ക് വരുന്നകല്യാണാലോചനകള്‍ മുടക്കുന്നവര്‍ പഴയ സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. പഴയകാലത്തെ ഇത്തരം കല്യാണം മുടക്കലുകള്‍ ഇപ്പോള്‍ അത്ര വ്യാപകമല്ല. പകരം മൊബൈല്‍ ഫോണിന്റെ കാലത്തെസാധ്യതകള്‍ അവര്‍ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍, കല്യാണംമുടക്കികള്‍പോലും സാങ്കേതിക പുരോഗതിനേടിയിട്ടും ഇക്കാര്യത്തില്‍ ശിശുസഹജമായ ഭാവം വിടാത്തവര്‍ വിദ്യാസമ്പന്നരായവരാണ്. ഒരേ സ്ഥാപനത്തില്‍ജോലി ചെയ്യുന്നവര്‍. ഒരേ സ്ഥാനത്തിരിക്കുന്നവര്‍. അങ്ങനെയങ്ങനെ....ഇതില്‍ കുട്ടികളില്‍ നേരും നെറിയുംപറഞ്ഞുകൊടുക്കുന്ന അധ്യാപകരും രാഗങ്ങള്‍ക്ക് പ്രതി ശമനം കൊടുക്കുന്ന ഡോക്ടര്‍മാരും നെറികേടുകള്‍തലനാരിഴകീറി പുറത്തിടുന്ന പത്രക്കാരും പോലിസുകാരും അഭിഭാഷകരും എല്ലാവരും ബഹുമാനിക്കുന്നസാഹിത്യ സാംസ്കാരിക നായകന്മാര്‍വരെയുണ്ട്. ചിലര്‍ ഊമക്കത്തിന്റെ കാര്യത്തിലും സാങ്കേതിക പുരോഗതിനേടിയിട്ടുണ്ട്. കൈകൊണ്ട് എഴുതിയാലല്ലേ കണ്ടു പിടിക്കുള്ളു. അത് യന്ത്രത്തെ ഏല്‍പ്പിച്ചാലോ? ആരാണെന്ന്കണ്ടുപിടിക്കണമെങ്കില്‍ ചിലചില്ലറ പരിപാടികള്‍കൊണ്ടൊന്നും പണി പറ്റില്ല. പക്ഷേ, കളി കാര്യമായാല്‍ചിലപ്പോള്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍നിന്ന് കള്ളനെ പിടികിട്ടും. അത് ഈ 'സാങ്കേതിക വിദഗ്ദന്മാര്‍ക്ക്' അറിയില്ല. ഭീരുത്ത്വത്തെക്കാള്‍ മനസ്സില്‍ അപാരമായ വിഷവും പേറി നടക്കുന്നവരാണ് ഊമക്കത്തുകള്‍വിക്ഷേപിക്കുന്നതില്‍ മുമ്പന്മാര്‍. താനല്ലാത്ത എല്ലാത്തിനോടും പുച്ഛവും അസൂയയും പുലര്‍ത്തുന്നവര്‍. അല്ലെങ്കില്‍അതുവരെ ഒപ്പം ചിരിച്ചുല്ലസിച്ച് തോളില്‍ കൈയിട്ട് നടന്നവനെതിരെ ഇങ്ങനെ ഒരു ഇരുട്ടടി പ്രയോഗംനടത്തുന്നതെങ്ങനെ.ഗറില്ലാ യുദ്ധംശത്രു പ്രബലനായിരിക്കുമ്പോള്‍ ഗറില്ലാ ആക്രമണരീതി സ്വീകരിക്കുന്നത്പഴയൊരു യുദ്ധതന്ത്രമാണ്. ലോകത്തെവിടെയും ശക്തനെതിരില്‍ ദുര്‍ബലന്റെ ആയുധം. നാട്ടിലെഅഴിമതിക്കെതിരെ ഉയര്‍ന്ന തലത്തില്‍ വ്യാജമായ പേരില്‍ ചിലര്‍ കത്തുകള്‍ പരാതിയായി അയക്കാറുണ്ട്. അത്ഒരു യുദ്ധമുറയായി വേണമെങ്കില്‍ കാണാം. നേര്‍ക്കുനേരെ ഏറ്റുമുട്ടിയാല്‍ വന്നുകയറാവുന്നദുരിതത്തെക്കുറിച്ചുള്ള വീണ്ടുവിചാരം ഒരു കത്തില്‍ മറഞ്ഞിരിക്കാന്‍ ഇക്കൂട്ടരെ പ്രേരിപ്പിച്ചേക്കാം. പത്രത്തില്‍വ്യാജപേരില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ തോന്ന്യാസങ്ങളെക്കുറിച്ച് പതിവായി കത്തെഴുതുന്ന ഒരാളെ അറിയാം. അയാള്‍ മിക്കപ്പോഴും എഴുതുന്നത് അയാളുടെ ഓഫീസിലെ അഴിമതിക്കെതിരെ ആയിരുന്നു. അതില്‍കൂട്ടുനില്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ടും എതിര്‍ചേരി ശക്തമായതുകൊണ്ടും പ്രതികരിക്കാന്‍ കണ്ടെത്തിയ ഒരുലഘു തന്ത്രം. അതിന്റെ പിന്നിലെ ഉദ്ദേശ്യ ശുദ്ധിയെ മാനിച്ച് ഈ ഒളിയാക്രമണത്തെ അംഗീകരിക്കാം. പക്ഷേ, അത്തരമൊരു ലക്ഷ്യവും ഇല്ലാതെ കൂട്ടുകാരനിട്ട് പാരപണിയാനായി മാത്രം എഴുത്തുകുത്തിന് പുറപ്പെടുന്നവനെഎങ്ങനെ അംഗീകരിക്കും? അവനെ എന്ത് പേരിട്ട് വിളിക്കും? (2009 ജൂലൈ അഞ്ചിന് വാരാദ്യ മാധ്യമത്തില്‍പ്രസിദ്ധീകരിച്ചത്)
'

നാട്ടിലേക്ക് ഒന്നു പോകുന്നു....

മൊബൈലിന് റേഞ്ചും ഇന്റര്‍നെറ്റ് കണക്ഷനും ബ്ലുടൂത്തും ചിലപ്പോഴൊക്കെ കരണ്ടും ഇല്ലാത്ത എന്റെ നാട്ടിലേക്ക്. അവിടെ കടലുണ്ട്. പുഴയുണ്ട്. അതിനു രണ്ടിനുമിടയില്‍ കല്ലുകൊത്താം കളി നടത്തുന്ന ഇത്തിരിയിടം പോലെ, ഭൂമിയുടെ വാലുപോലെ ഒരിടം. കടല്‍ അലറിവിളിക്കും. കരയിലേക്ക് കയറിവന്ന് വായ പിളര്‍ത്തും. കരയും തെങ്ങും വീടുകളും പിഴുതെടുത്ത് തിരിച്ചുപോകും. പിന്നെ ശാന്തമാകും. കോപിച്ച് കയറിയിറങ്ങിയതിന് പകരമായി മത്തിയും അയലയും ചെമ്മീനും വാരിക്കോരിത്തരും. ചാകരയെന്ന് ഞങ്ങള്‍ ഓമനപേരിട്ട് വിളിക്കും. കരയിലുല്‍സവ നാളാകും. കടകളിലെല്ലാം കച്ചവടം പൊടിപൂരമാകും.എല്ലാവര്‍ക്കും കൈനിറയെ കിട്ടുന്ന ചാകരയാണ് സോഷ്യലിസം എന്നാല്‍ എന്തെന്ന് ആദ്യമായും അവസാനമായും ഞങ്ങളെ പഠിപ്പിച്ചത്. ആ സമൃദ്ധി പിന്നെ ഞങ്ങള്‍ എവിടെയും കണ്ടിട്ടില്ല. എല്ലാ വീട്ടിലും അന്നം നിറയുന്ന കാലം.അപ്പുറത്ത് പുഴയുണ്ട്. കലക്കവെള്ളത്തില്‍ കുത്തിയൊലിച്ച് പാഞ്ഞുവരുന്ന ചുവന്നു കലങ്ങിയ പുഴ. മഴ പെയ്യുമ്പോള്‍ പുഴയില്‍ മുങ്ങിക്കിടന്നിട്ടുണ്ടോ? എത്രയെത്ര മഴക്കാലങ്ങളില്‍ ഞങ്ങള്‍ പള്ളിക്കുടങ്ങള്‍ മറന്ന് ആ വെള്ളക്കുത്തില്‍ മുങ്ങിത്തിമിര്‍ത്തിരുന്നു. പാഞ്ഞൊഴുകുന്ന പുഴവെള്ളത്തില്‍ ഞങ്ങള്‍ നീട്ടിയെറിഞ്ഞ ചൂണ്ടയില്‍ കൊരുത്ത മീനുകള്‍ എത്രയെത്രയായിരുന്നു. എത്ര കുത്തൊഴുക്കിലും കൈയോ കാലോ കുഴയാതെ തണുത്ത വെള്ളത്തില്‍ വിറക്കാതെ പുഴയ്ക്കക്കരെയിക്കരെ നീന്തിയണഞ്ഞിരുന്നു. ഇപ്പോള്‍ അതിനുള്ള ശേഷി നഗരവല്‍കരിക്കപ്പെട്ട ഈ ശരീരത്തിനുണ്ടോ ആവോ?പാമ്പുകള്‍ പുളയുന്നതുപോലെ നീര്‍ച്ചാലുകള്‍ ഇഴഞ്ഞോടുന്ന ഇടവഴിയിലൂടെ തലക്കുമുകളില്‍ കുടയുടെ ആഡംബരമില്ലാതെ നടക്കണം. കാലില്‍ ചെരിപ്പില്ലാതെ.സൈക്കിളില്‍ മഴയെ പേടിക്കാതെ സാവധാനത്തില്‍ ചവിട്ടി അങ്ങനെ പോകണം.മഴയത്തിറങ്ങി നടന്നതിന് ''പനി പിടിക്കും കേറിപ്പോടാ...'' എന്ന് കോപിച്ച് പറയാന്‍ ബാപ്പയില്ലല്ലോ എന്ന സങ്കടം ബാക്കിയാവുന്നു. ഒരു പാതിരാമഴക്കൂത്തിനിടയില്‍ തട്ടിയുണര്‍ത്തി ''എഴുന്നേല്‍ക്കെടാ... ചാകര വന്നു'' എന്ന് ബാപ്പ വന്നിനി പറയില്ലല്ലോ. ടോര്‍ച്ചെടുത്ത് കുടപിടിച്ച് പടിഞ്ഞാറോട്ടോടി നോക്കുമ്പോള്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ അടങ്ങിയൊതുങ്ങിക്കിടക്കുന്ന കടലിനെ ഇനി ആരാണ് കാണിച്ചു തരിക?ഉമ്മയുടെ തോരാത്ത കണ്ണീരായി വീട്ടില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന പള്ളിക്കാട്ടിലെ വെളുത്ത മണ്‍കൂനക്കടിയില്‍ ബാപ്പ ഇപ്പോള്‍ ഉറങ്ങുകയാകുമോ?
ഏതു തണുപ്പിലും പുതക്കാതെ ഉറങ്ങിയിരുന്ന ബാപ്പ ഈ നേരംതെറ്റി പെയ്യുന്ന മഴയില്‍ തണുത്തു വിറക്കുകയായിരിക്കുമോ?തൊട്ടപ്പുറത്ത് ബാപ്പക്കൊപ്പം കൂട്ടിന് കൊച്ചാപ്പ (എളാപ്പ) എത്തിയിട്ട് അധികമായിട്ടില്ല. ഇപ്പോള്‍ കൊച്ചുമ്മയുടെ കണ്ണിലും മഴ തോരുന്നില്ല.പുഴയില്‍ മുങ്ങിക്കിടന്ന് മഴയുടെ താളവര്‍ഷം കേള്‍ക്കണം. ഉമ്മയും ബാപ്പയും മുങ്ങിനിവര്‍ന്ന പുഴ.പുഴയില്‍ ഒഴുകിവരുന്ന മരക്കഷണങ്ങളും വാഴയും നീന്തിപ്പിടിക്കണം...എന്റെ രണ്ടര വയസ്സുകാരി മോളെ പുഴയില്‍ നീന്താന്‍ പഠിപ്പിക്കണം. ജീവിതത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള ആദ്യ പാഠം പഠിപ്പിച്ചു കൊടുക്കണം. മഴയില്‍ നനഞ്ഞുകിടക്കുന്ന എന്റെ വീട്ടിലേക്കുള്ള വഴിയില്‍ഇപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ നാട്ടിലെത്തിയിട്ടുണ്ട്; ഗള്‍ഫില്‍നിന്ന്.കുടവയറും പത്രാസുമായി...അവരൊത്ത് പാതിരാത്രിവരെ പീടികത്തിണ്ണയില്‍ വര്‍ത്താനം പറഞ്ഞിരിക്കണം.കഴിഞ്ഞ കാലത്തേക്ക്, പൊട്ടിപ്പോയ പ്രണയ കഥകളിലേക്ക്.അതിനൊക്കെ അവരെ ഭാര്യമാര്‍ അനുവദിക്കുമോ ആവോ...അവര്‍ക്കാര്‍ക്കും എന്നെപ്പോലെ പിരാന്തുണ്ടാവുമോ...?അതിനൊക്കെ അവരുടെ ഭാര്യമാര്‍ അനുവദിക്കുമോ ആവോ...?പോയിട്ട് വരാം. വന്നിട്ട് ബാക്കി പറയാം....

വേദനാമുറിയിലെ
ഓണത്തേങ്ങലുകള്‍
മക്കളും പേരക്കിടാങ്ങളും പുത്തനുടുപ്പണിഞ്ഞ് സദ്യവട്ടങ്ങളില്‍
മുഴുകുന്ന നേരത്ത് കൃഷ്ണേട്ടന്‍ മുകളിലത്തെ സീലിംഗിലേക്ക് നനഞ്ഞ കണ്ണുകളിലൂടെ നോക്കി കിടക്കുകയാവണം. അരികിലെ ട്രിപ്പ് സ്റ്റാന്‍ഡില്‍ തൂങ്ങുന്ന ഗ്ലൂക്കോസ് ബാഗില്‍നിന്ന് ഊര്‍ന്ന് കിടക്കുന്ന കുഴലിലൂടെ ഞരമ്പുകളിലേക്ക് വിഷമിച്ച് വീഴുന്ന തുള്ളികളാണ് ഇക്കുറി കൃഷ്ണേട്ടന്റെ ഓണസദ്യ. 58 വര്‍ഷത്തെ ആയുസിനിടയില്‍ കൃഷ്ണേട്ടന്‍ വീട്ടിലില്ലാത്ത ആദ്യത്തെ ഓണം.ജീവ കോശങ്ങളെ നീറിപ്പൊടിക്കുന്ന രോഗത്തിന്റെ പേറി തളര്‍ന്ന വേദനയുമായി മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡിന്റെ അങ്ങേ അറ്റത്ത് റേഡിയോളജി വിഭാഗത്തിന്റെ മുന്നില്‍ നിരവധി പേര്‍ കാത്തിരിപ്പുണ്ടായിരുന്നു. ശരീരത്തോട് യുദ്ധം പ്രഖ്യാപിച്ച് പിണങ്ങി നില്‍ക്കുന്ന കോശങ്ങളെ അഗ്നി സൂചികള്‍ കൊണ്ട് അടര്‍ത്തി മാറ്റാന്‍ ഊഴം കാത്തിരിക്കുന്നവര്‍ക്കിടയില്‍ ഇന്നലെ കൃഷ്ണേട്ടനെ കണ്ടിരുന്നു. അയാളെ ഭാര്യ ശാന്തേടത്തി വീല്‍ ചെയറില്‍ ഉന്തിക്കൊണ്ട് വരികയായിരുന്നു.ഫിനോയിലിന്റെയും ക്ലോറിന്റെയും പിന്നെ പേരറിയാത്ത വേറെ കുറേ മരുന്നുകളുടെയും ഗന്ധം വിങ്ങി നിന്ന വരാന്തയിലൂടെ അമ്മക്കൊപ്പം അച്ഛനെ വീല്‍ ചെയറില്‍ ഉന്തിക്കൊണ്ട് വരുമ്പോള്‍ വരാന്തയുടെ കോണില്‍ ചുമരിന് മുകളില്‍ പിടിപ്പിച്ച ടി.വി സെറ്റിലേക്ക് ശോഭേച്ചി പാളി നോക്കി. തിരുവോണദിന ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം 'ബിഗ് ബി' എന്ന് അതിലെഴുതി കാണിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ കഴിഞ്ഞ ഓണത്തിന് അച്ഛന്‍ വാങ്ങിയ വലുപ്പവും മുഴക്കവുമുള്ള ടി.വിയെക്കുറിച്ച് അവര്‍ ഓര്‍ത്തു പോയി.'തിരുവോണത്തിന് ഉച്ചക്ക് വീട്ടില്‍നിന്ന് സദ്യ കൊണ്ടുവരാമെന്ന് മോന്‍ പറഞ്ഞിരുന്നു. വേണ്ടെന്ന് ഞാനാ പറഞ്ഞത്. ഒരു തുള്ളി വെള്ളം തൊണ്ടക്കുഴിയിലേക്കിറക്കാന്‍ കഴിയാതെ ഒരാള്‍ ഇങ്ങനെ ഇവിടെ കിടക്കുമ്പോള്‍ എന്തോണം? എന്ത് സദ്യ?' ശാന്തേടത്തി സാരിത്തുമ്പ് കൊണ്ട് കണ്ണു തുടച്ചു.'കഴിഞ്ഞ ഓണത്തിന് ഒത്തിരി സന്തോഷായിരുന്നു. എല്ലാവരും ചേര്‍ന്ന് ഒത്തിരി സന്തോഷത്തോടെ കഴിഞ്ഞ ഓണമായിരുന്നു അത്. ഏട്ടന്‍മാരെല്ലാം വന്നിട്ടുണ്ടായിരുന്നു. ഞങ്ങടെ ഓര്‍മയില്‍ അച്ഛനെ ഇത്രയേറെ സന്തോഷത്തോടെ മറ്റൊരോണത്തിനും കണ്ടിട്ടില്ല. ഇത്തവണ കണ്ടില്ലേ.... ഇനി ഒരോണത്തിന് അച്ഛന്‍.....' പാതിവഴിയില്‍ ശോഭേച്ചിയുടെ വാക്കുകള്‍ പൊട്ടിവീണു. അതൊരു തേങ്ങിക്കരച്ചിലായി.എട്ട് മാസം മുമ്പൊരുനാള്‍ കൃഷ്ണേട്ടന് പെട്ടെന്നുണ്ടായ ചുമയാണ് ആശുപത്രിയുടെ മരവിപ്പിന്റെ അസ്വാസ്ഥ്യത്തിലേക്ക് അയാളെ വലിച്ചെറിഞ്ഞത്. റേഡിയേഷന്‍ യന്ത്രത്തില്‍ പലവട്ടം കയറിയിറങ്ങി കറുത്തിരുണ്ട ഒരു രൂപം മാത്രമായി കിടക്കയില്‍ കിടക്കുന്ന കൃഷ്ണേട്ടന്‍ കണ്ണിണകളില്‍ പിടഞ്ഞുണരുന്ന രണ്ട് തുള്ളികളില്‍ ഒരുപാട് പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.വാര്‍ഡിന്റെ അങ്ങേയറ്റത്ത് ഒരു മനുഷ്യന്‍ നീറിപ്പിടിച്ച് നിലവിളിക്കുന്നു. അയാളുടെ പേരെന്തെന്നറിയില്ല. അല്ലെങ്കില്‍ തുളവീണ കോശങ്ങളില്‍ ജീവന്‍ നിലവിളിക്കുമ്പോള്‍ പേരുകള്‍ക്കും മുഖങ്ങള്‍ക്കും എന്ത് പ്രസക്തി. വേദനയുടെ ഏതോ വേലിയേറ്റത്തില്‍ അയാള്‍ അടുത്തു നിന്ന ആളിലേക്ക് ഒരു പാവല്‍ വള്ളി പോലെ പടര്‍ന്നു കയറി. മാംസം തുളഞ്ഞു പോകുന്ന ആ മനുഷ്യന്റെ വേദന അപ്പോള്‍ കൂട്ടിരിപ്പുകാരന്‍ സ്വന്തം ദേഹത്തില്‍ തിരിച്ചറിഞ്ഞിരിക്കണം. തിരുവോണത്തിന്റെ മേളം തിമിര്‍ക്കുന്ന ഇപ്പോള്‍ അതില്‍നിന്ന് പുറത്തായതിലായിരിക്കില്ല ആ മനുഷ്യന്റെ ആവലാതി; ഞരമ്പില്‍ കുത്തിയിറക്കിയ സൂചിപ്പാടിനും ശമനം തരാന്‍ കഴിയാത്ത വേദനയെ മറ്റെന്തെങ്കിലും കുത്തി വെച്ച് ഉറക്കി കിടത്താന്‍ അയാള്‍ ആവശ്യപ്പെടുകയാവണം. ഓണം മറന്ന് അയാളെ പോലുള്ളവരുടെ വേദനക്ക് കാവലിരിക്കുന്നവര്‍ക്കും അവര്‍ക്കായി അനുകമ്പയോടെ പാഞ്ഞുനടക്കുന്ന ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും ഇന്ന് ആഘോഷമുണ്ടാകുമോ?. അറിയില്ല...ആശുപത്രി വട്ടത്തിന് ചുറ്റും നുരച്ചു പൊന്തുന്ന ആയിരങ്ങളില്‍ എത്ര പേര്‍ക്ക് ഇന്ന് ഓണമുണ്ടാവും?. അവരില്‍ അത്രയും പേരും അവിടെത്തന്നെയുണ്ടാവണം. അതില്‍ ചിലര്‍ക്ക് ആശുപത്രി തന്നെയാണ് വര്‍ഷങ്ങളായി വീടും കൂടുമെല്ലാം. അങ്ങനെയാണ് പത്മാവതിയമ്മയെ കണ്ടു മുട്ടിയത്. അവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ലായിരുന്നു. ഓര്‍ത്ത് പറയാന്‍ ബന്ധുക്കളും. വാര്‍ഡുകളിലൂടെ കടന്നു പോകുന്ന മുഖങ്ങളുടെ നൈമിഷികതയാണ് വര്‍ഷങ്ങളായി അവരുടെ ബന്ധുക്കള്‍.എത്രയെത്ര ഓണങ്ങള്‍ ഈ ആശുപത്രിയുടെ മനംമടുപ്പിക്കുന്ന എടുപ്പുകള്‍ക്കകത്തുകൂടി കടന്നു പോയിരിക്കുന്നു എന്ന് അവര്‍ക്ക് കൃത്യമായ ഓര്‍മയില്ല. ഓണനാളുകളില്‍ ഏതോ ചിലര്‍ പൊതികളിലാക്കി കൊടുക്കുന്ന ഭക്ഷണത്തിന്റെ രുചിയാണ് പത്മാവതിയമ്മയുടെ ഓണവിശേഷം.ആയിരക്കണക്കിന് രോഗികള്‍, അവരുടെ കൂട്ടിരിപ്പുകാര്‍, അവരെ പരിചരിക്കുന്ന ശുശ്രൂഷകര്‍ അങ്ങനെ ആയിരങ്ങള്‍ ഈ ആഘോഷനാളിന് പുറത്താണ്്. ഇളവുകള്‍ പ്രഖ്യാപിച്ച് വലയിട്ട് കാത്തിരിക്കുന്ന വിപണിയുടെ അലറി വിളികളും തോറ്റംപാട്ടുകളും അവരുടെ ഉള്ളുലക്കുന്ന വേദനയുടെ ചുവരില്‍ തട്ടി നിഷ്പ്രഭങ്ങളാകുന്നു.നഗരം ഉത്രാടപ്പാച്ചിലിലായിരുന്നപ്പോഴും ആശുപത്രി കവാടത്തില്‍ തിരക്ക് തന്നെയായിരുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വില കുറഞ്ഞ ചോറും കറിയുമായി അവര്‍ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. സെക്യൂരിറ്റിക്കാര്‍ പാസില്ലാത്തവര്‍ക്കെതിരെ കാര്‍ക്കശ്യത്തോടെ ഇപ്പോഴും പെരുമാറുന്നുണ്ടാവണം. അവരിലൊരാള്‍ക്ക് ഉച്ചക്ക് വീട്ടില്‍നിന്ന് അനുജന്‍ ചോറും കറിയും എത്തിച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.ആശുപത്രി കവാടത്തിന്റെ പുറത്ത് 42 ദിവസം പിന്നിട്ട സമരത്തിന്റെ തീര്‍പ്പു കല്‍പ്പിക്കാത്ത സമര പന്തലില്‍ കുറേ പേരുണ്ടായിരുന്നു ഇന്നലെ. അവര്‍ക്ക് ഇന്ന് 43ാം ദിവസമായിരിക്കണം. അതോ സമരത്തിന് ഒരു ദിവസത്തെ അവധി കൊടുത്തു അവരും ഓണം കൂടാന്‍ വീട്ടിലേക്ക് പോയിരിക്കുമോ ആവോ.....പൂക്കളമൊരുക്കി മാവേലിക്കാലത്തിന്റെ ഓര്‍മകളെ വരവേറ്റിരുന്ന, തൂശനിലയില്‍ തുമ്പപ്പൂ ചോറും കറിത്തരങ്ങളും വിളമ്പി വിശേഷമാക്കിയ എത്രയെത്ര പേരാണ് ആശുപത്രി കിടക്കയിലും വരാന്തയിലും ഈയലുകളെപ്പോലെ അടിഞ്ഞു കൂടി കിടക്കുന്നത്. മുന്‍പ് ഉണ്ടു മറന്ന പൊന്നോണങ്ങളുടെ പൂവിളികള്‍ ഓര്‍മയില്‍ തെളിയിച്ചെടുത്ത് അവരും ഇന്ന് ഓണം ആഘോഷിക്കുന്നുണ്ടാവണം; മനസ്സുകൊണ്ട്.(2008 സെപ്റ്റംബര്‍ 13ന് മാധ്യമം തിരുവോണ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)